മലപ്പുറം: ഫുട്ബോൾ പരിശീലനത്തിനിടെ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പരിശീലകനെ വീണ്ടും അറസ്റ്റ് ചെയ്തു. മാറഞ്ചേരി പുത്തൻപുരയിൽ നിബ്രാസ് (26) ആണ് പെരുമ്പടപ്പ് പൊലീസിന്റെ പിടിയിലായത്. മറ്റൊരു വിദ്യാർത്ഥിനി നൽകിയ പുതിയ മൊഴിയുടെ അടിസ്ഥാനത്തിൽ പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തതിനെ തുടർന്നാണ് നടപടി.
സമാനമായ കേസുകളിൽ നേരത്തെ അറസ്റ്റിലായി മഞ്ചേരി ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന നിബ്രാസിനെ, പൊലീസ് കസ്റ്റഡിയിൽ വാങ്ങി സ്റ്റേഷനിലെത്തിച്ചാണ് പുതിയ കേസിൽ അറസ്റ്റ് രേഖപ്പെടുത്തിയത്. തുടർന്ന് കോടതിയിൽ ഹാജരാക്കിയ പ്രതിയെ വീണ്ടും റിമാൻഡ് ചെയ്തു. ഫുട്ബോൾ പരിശീലന കേന്ദ്രം നടത്തിയിരുന്ന പ്രതി, പരിശീലനത്തിനിടെ പെൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തതായാണ് കണ്ടെത്തൽ. ഇരയായ വിദ്യാർത്ഥിനി സ്കൂൾ അധികൃതരോടും കൗൺസിലറോടും വിവരം വെളിപ്പെടുത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ഇതിനുശേഷം ഇരയായ കുട്ടിയെ മൊഴിയിൽ നിന്ന് പിന്തിരിപ്പിക്കാൻ ചിലർ സമ്മർദം ചെലുത്തിയതായും പൊലീസ് അന്വേഷിക്കുന്നുണ്ട്.
അതേസമയം, വിദ്യാർത്ഥിനികൾക്ക് നീതി ലഭ്യമാക്കാൻ ഇടപെട്ട സ്കൂൾ കൗൺസിലർ ധന്യ ആബിദിന് നേരെ വധഭീഷണിയും അക്രമവും ഉണ്ടായതായും പരാതി ഉയർന്നു. മാറഞ്ചേരി സ്കൂളിൽ വെച്ച് ഒരു സംഘം ആളുകൾ അസഭ്യം പറയുകയും പെട്രോളൊഴിച്ച് കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. ധന്യ ആബിദിന്റെ പരാതിയിൽ അമീൻ, സക്കീർ, ഇസ്മായിൽ, ഷെക്കീർ എന്നിവർക്കെതിരെ പെരുമ്പടപ്പ് പൊലീസ് കേസെടുത്തു. പിടിയിലായ നിബ്രാസിന്റെ അടുത്ത ബന്ധുവായ ഇസ്മായിലും പ്രതിപ്പട്ടികയിലുണ്ട്. സംഭവത്തിൽ ഉൾപ്പെട്ട മറ്റുള്ളവരെ കണ്ടെത്താനുള്ള ശ്രമം പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്. ഭീഷണിയുടെ പശ്ചാത്തലത്തിൽ സ്കൂൾ പരിസരത്ത് സുരക്ഷയും നിരീക്ഷണവും ശക്തമാക്കിയതായി അധികൃതർ വ്യക്തമാക്കി.