വാഴക്കാട്: പൊതുസ്ഥലത്ത് വൻതോതിൽ മാലിന്യം തള്ളിയെന്ന പരാതിയിൽ മീഡിയവൺ ചാനൽ മാനേജിംഗ് എഡിറ്റർ സി. ദാവൂദിനെതിരെ വാഴക്കാട് പോലീസ് കേസെടുത്തു. സംഭവത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതോടൊപ്പം, പിഴയടയ്ക്കാൻ ആവശ്യപ്പെട്ട് വാഴക്കാട് ഗ്രാമപഞ്ചായത്ത് ഔദ്യോഗികമായി നോട്ടീസും നൽകിയിട്ടുണ്ട്.
വാഴക്കാട് പ്രദേശത്തെ പൊതുസ്ഥലത്ത് പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവ മാലിന്യങ്ങൾ തള്ളിയ നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് നാട്ടുകാർ നടത്തിയ പരിശോധനയിലാണ് സി. ദാവൂദിന്റെ പേര് ഉൾപ്പെട്ട രേഖകൾ മാലിന്യക്കൂമ്പാരത്തിൽ നിന്ന് ലഭിച്ചത്. ഇതിനു പിന്നാലെ നാട്ടുകാർ പോലീസിനും പഞ്ചായത്തിനും പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചു.
അതേസമയം, കേസ് രജിസ്റ്റർ ചെയ്ത് ദിവസങ്ങൾ പിന്നിട്ടിട്ടും പ്രതിയെ അറസ്റ്റ് ചെയ്യുകയോ ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തുകയോ ചെയ്തിട്ടില്ലെന്ന ആക്ഷേപം നാട്ടുകാർക്കിടയിൽ ഉയരുന്നുണ്ട്. പഞ്ചായത്ത് പിഴയടയ്ക്കാൻ നോട്ടീസ് നൽകിയെങ്കിലും ഇതുവരെ പിഴ അടച്ചിട്ടില്ലെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ തുടർ നിയമനടപടികൾ സ്വീകരിക്കുമെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു.