ന്യൂഡൽഹി: എൻഎസ്എസ് ആസ്ഥാനമായ പെരുന്നയെ ചുറ്റിപ്പറ്റി നിലനിൽക്കുന്ന വിവാദങ്ങൾക്കിടെ, ജനറൽ സെക്രട്ടറി സുകുമാരൻ നായർക്കെതിരെ പരോക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. പെരുന്ന സ്വയം ശുദ്ധീകരിക്കപ്പെടുമെന്നും, മറ്റ് ചില ഉദ്ദേശ്യങ്ങളുമായി ആ സ്ഥാപനത്തെ തകർക്കാൻ ആരും ശ്രമിക്കേണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഡൽഹിയിൽ ഭാരത കേസരി മന്നത്ത് പത്മനാഭന്റെ സ്മൃതി മണ്ഡപം ഉദ്ഘാടനം ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പെരുന്നയിലെ നടപടിക്രമങ്ങൾ ശക്തമായി മുന്നോട്ടുപോകുമെന്ന് വ്യക്തമാക്കിയ സുരേഷ് ഗോപി, നിലവിലെ സാഹചര്യത്തിൽ ബദൽ മാർഗങ്ങൾ കണ്ടെത്തേണ്ടതുണ്ടെന്നും അഭിപ്രായപ്പെട്ടു. ഒന്നുകിൽ അവിടെ ഇരിക്കുന്നവർ സ്വയം ശുദ്ധീകരിക്കപ്പെടണം, അല്ലെങ്കിൽ കാലം അതിന് വഴിയൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മന്നത്ത് പത്മനാഭന്റെ ആശയങ്ങൾക്കനുസരിച്ച് ആ സ്ഥാപനം മുന്നോട്ടുപോകാൻ കാലം തന്നെ സാഹചര്യം സൃഷ്ടിക്കുമെന്നും, തിരഞ്ഞെടുപ്പിന് ശേഷം മാറ്റങ്ങൾ പ്രകടമായിത്തുടങ്ങിയെന്നും അദ്ദേഹം വ്യക്തമാക്കി. ഡൽഹിയിലെ എൻഎസ്എസ് പ്രവർത്തനം മികച്ച മാതൃകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മന്നം സമാധിയിൽ പുഷ്പാർച്ചന നടത്താൻ അനുമതി നിഷേധിക്കപ്പെട്ട സംഭവത്തെ മുൻനിർത്തി ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണനും വിമർശനം ഉന്നയിച്ചു. ആര് വരണം, ആര് വരരുത് എന്ന് ഒരാൾ മാത്രം തീരുമാനിക്കുന്ന സമീപനം ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു. മന്നം സമാധിയിൽ പുഷ്പാർച്ചന നിഷേധിക്കപ്പെട്ടുവെന്ന വിവാദങ്ങൾക്കിടെ നടന്ന ഡൽഹിയിലെ സ്മൃതി മണ്ഡപം ഉദ്ഘാടനം ഈ വിഷയത്തിന് കൂടുതൽ രാഷ്ട്രീയ-സാമൂഹിക പ്രാധാന്യം നൽകിയിരിക്കുകയാണ്.