തിരുവനന്തപുരം: സംസ്ഥാനത്തെ സഹകരണ സംഘങ്ങൾ നടത്തുന്ന ചിട്ടി ഇടപാടുകളിൽ ഓഡിറ്റ് നടത്താൻ കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സി.എ.ജി) തീരുമാനിച്ചു. ഇതിന്റെ ആദ്യഘട്ടമെന്ന നിലയിൽ കേരളത്തിലെ സഹകരണ സംഘങ്ങളിൽ പരിശോധന ആരംഭിക്കും. ഇതുവരെ സി.എ.ജി ഓഡിറ്റിന്റെ പരിധിയിൽ വരാതിരുന്ന സഹകരണ സംഘങ്ങളുടെ ചിട്ടി ഇടപാടുകൾ വിശദമായി പരിശോധിക്കാനാണ് തീരുമാനം. ഇതിനായി സഹകരണ സംഘങ്ങൾ നടത്തുന്ന ചിട്ടികളുടെ കണക്കുകൾ സമർപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സി.എ.ജി സഹകരണ വകുപ്പിന് കത്ത് നൽകി.
സഹകരണ സംഘങ്ങൾ നടത്തുന്ന ചിട്ടി ഇടപാടുകൾ നിയമപരമായ രജിസ്ട്രേഷനിലൂടെയല്ല നടക്കുന്നതെന്നും, ഇതുമൂലം സർക്കാരിന് ലഭിക്കേണ്ട നികുതിയും മറ്റ് വിഹിതങ്ങളും നഷ്ടപ്പെടുന്നുണ്ടെന്നുമാണ് സി.എ.ജിയുടെ പ്രാഥമിക വിലയിരുത്തൽ. സഹകരണ സംഘങ്ങൾ ചിട്ടി നടത്തുന്നില്ലെന്ന നിലപാടാണ് സർക്കാർ ഇതുവരെ സ്വീകരിച്ചിരുന്നത്. ‘ചിട്ടി’ എന്ന പേര് ഉപയോഗിച്ച് ഒരു സമ്പാദ്യ പദ്ധതിയും നടത്തരുതെന്ന് സഹകരണ സംഘം രജിസ്ട്രാർ നേരത്തെ സർക്കുലർ പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പല സംഘങ്ങളും ഇത്തരം ഇടപാടുകൾ ‘മാസ സമ്പാദ്യ പദ്ധതി’ എന്ന പേരിലാണ് നടത്തി വരുന്നത്.
ചിട്ടി എന്ന പേര് ഉപയോഗിച്ചില്ലെങ്കിലും ചിറ്റ് ഫണ്ട് നിയമപ്രകാരമുള്ള നിർവചനത്തിൽ സഹകരണ സംഘങ്ങളുടെ ഇത്തരം പ്രതിമാസ നിക്ഷേപ പദ്ധതികളും ഗ്രൂപ്പ് നിക്ഷേപ പദ്ധതികളും ഉൾപ്പെടുമെന്ന് സി.എ.ജി വ്യക്തമാക്കുന്നു. ഒരു നിശ്ചിത കാലയളവിൽ അംഗങ്ങൾ ഗഡുക്കളായി തുക നൽകുകയും, നറുക്കെടുപ്പിലൂടെയോ ലേലത്തിലൂടെയോ തുക തിരികെ ലഭിക്കുകയും ചെയ്യുന്ന രീതി ചിട്ടിയുടെ പരിധിയിൽ വരുമെന്നതാണ് ഈ നടപടിക്ക് അടിസ്ഥാനം. സുതാര്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഈ പദ്ധതികളെല്ലാം ഓഡിറ്റിന് വിധേയമാക്കാനാണ് സി.എ.ജിയുടെ നീക്കം.