കൊച്ചി: സംസ്ഥാനത്ത് അടുത്ത വർഷം മത്തിയുടെ ലഭ്യത ഗണ്യമായി കുറയാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ). സമുദ്ര ഉഷ്ണതരംഗങ്ങൾക്ക് പ്രധാന കാരണമാകുന്ന എൽ നിനോ പ്രതിഭാസം ശക്തമായാൽ കേരളം ഉൾപ്പെടെയുള്ള രാജ്യത്തെ സമുദ്രമത്സ്യങ്ങളുടെ ലഭ്യതയെ അത് പ്രതികൂലമായി ബാധിക്കുമെന്നാണ് പഠനത്തിലെ കണ്ടെത്തൽ.
ഒക്ടോബർ–നവംബർ മാസങ്ങളിൽ എൽ നിനോ ശക്തിപ്പെടുമെന്നാണ് നിലവിലെ കാലാവസ്ഥാ പ്രവചനം. ഇതിന്റെ പ്രത്യാഘാതം അടുത്ത വർഷം ഏപ്രിൽ–മേയ് മാസങ്ങളിൽ ഇന്ത്യൻ മഹാസമുദ്രത്തിൽ പ്രകടമാകുമെന്ന് സിഎംഎഫ്ആർഐ വിലയിരുത്തുന്നു. പ്രവചനം യാഥാർഥ്യമായാൽ മത്തി പോലുള്ള ചെറിയ ഉപരിതല മത്സ്യങ്ങളുടെ ലഭ്യതയിൽ വലിയ കുറവുണ്ടാകുകയും വിപണിയിൽ വില കുതിച്ചുയരാൻ സാധ്യതയുണ്ടെന്നും ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു. സമുദ്രത്തിലെ താപനില ഉയരുന്നതും കടലിൽ രൂപപ്പെടുന്ന ഉഷ്ണതരംഗങ്ങളും മത്തിയുടെ ആവാസവ്യവസ്ഥയെയും പ്രജനനത്തെയും ദോഷകരമായി ബാധിക്കും. കൂടാതെ, തുടർച്ചയായ സമുദ്രതാപനം പവിഴപ്പുറ്റുകളുടെ നാശത്തിനും കാരണമാകുമെന്നും, ഇത് ചെമ്പല്ലി പോലുള്ള മത്സ്യങ്ങളുടെ ലഭ്യതയെയും സാരമായി ബാധിക്കുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.
എൽ നിനോയുടെ പശ്ചാത്തലത്തിൽ മത്സ്യത്തൊഴിലാളികൾക്കും മത്സ്യകർഷകർക്കും സിഎംഎഫ്ആർഐ പ്രത്യേക ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. കടുത്ത ചൂടിനും ഉയർന്ന ലവണാംശത്തിനും പിന്നാലെ പെട്ടെന്നുണ്ടാകുന്ന മഴ തീരപ്രദേശങ്ങളിലും കായലുകളിലും ജലത്തിന്റെ ലവണാംശത്തിൽ വലിയ മാറ്റങ്ങൾ വരുത്തും. ഇത് മത്സ്യകൃഷിയെ ഗുരുതരമായി ബാധിക്കാനുള്ള സാധ്യതയുള്ളതിനാൽ കർഷകർ കൃത്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും ഗവേഷണ സ്ഥാപനം നിർദേശിക്കുന്നു.