ന്യൂഡൽഹി: യുവതലമുറ പുസ്തകങ്ങളുമായും ലൈബ്രറികളുമായും കൂടുതൽ സജീവമായി ബന്ധപ്പെടണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. വ്യക്തിത്വ രൂപീകരണത്തിലും രാഷ്ട്രനിർമാണത്തിലും ലൈബ്രറികൾ നിർണായകമായ പങ്ക് വഹിക്കുന്നുണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ന്യൂഡൽഹിയിൽ ജയപ്രകാശ് നാരായൺ പബ്ലിക് ലൈബ്രറിയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യസമര സേനാനിയും ചിന്തകനുമായിരുന്ന ജയപ്രകാശ് നാരായണിന്റെ സേവനങ്ങൾ രാജ്യത്തിന് മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്തെയും സമൂഹത്തെയും ആഴത്തിൽ മനസ്സിലാക്കാൻ വായന അനിവാര്യമാണെന്ന് അമിത് ഷാ ചൂണ്ടിക്കാട്ടി. ആധുനിക വിദ്യാഭ്യാസത്തിനൊപ്പം ഭാരതീയ സംസ്കാരവും അറിവും ജനങ്ങളിലേക്ക് എത്തിക്കുന്ന ശക്തമായ മാധ്യമമാണ് ലൈബ്രറികൾ. അറിവ് പ്രായോഗികമായി ഉപയോഗിക്കുമ്പോഴാണ് അത് വിവേകമായി മാറുന്നത്. വിദ്യാർഥികളിൽ വായനാശീലം വളർത്തുന്നതിനായി ലൈബ്രറികളെ സ്കൂളുകളുമായി സംയോജിപ്പിക്കാൻ സർക്കാർ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഗാന്ധിനഗർ ലോക്സഭാ മണ്ഡലത്തിലെ മാതൃകയിൽ ഡൽഹിയിലെ എല്ലാ ലൈബ്രറികളെയും പരസ്പരം ബന്ധിപ്പിക്കാനും സ്കൂളുകളുമായി സംയോജിപ്പിക്കാനും ഡൽഹി സർക്കാരിനോട് അദ്ദേഹം നിർദേശിച്ചു.
32,000-ത്തിലധികം പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന ജയപ്രകാശ് നാരായൺ പബ്ലിക് ലൈബ്രറിയിൽ ഗവേഷകർക്കായി പ്രത്യേക സൗകര്യങ്ങൾ, അത്യാധുനിക മൾട്ടിപർപ്പസ് ഓഡിറ്റോറിയം, കുട്ടികൾക്കായുള്ള പ്രത്യേക വിഭാഗം, ഒരു കോടിയിലധികം ഓൺലൈൻ പുസ്തകങ്ങൾ ലഭ്യമാകുന്ന ഇ-ലൈബ്രറി എന്നിവ സജ്ജമാക്കിയിട്ടുണ്ട്. ലൈബ്രറിയിലുടനീളം സൗജന്യ വൈ-ഫൈയും ആർ.എഫ്.ഐ.ഡി. അധിഷ്ഠിത പുസ്തക മാനേജ്മെന്റ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. ചടങ്ങിൽ രേഖ ഗുപ്ത, പർവേഷ് വർമ, ന്യൂഡൽഹി മുനിസിപ്പൽ കൗൺസിൽ ചെയർമാൻ കേശവ് ചന്ദ്ര എന്നിവർ പങ്കെടുത്തു.