ഹൈദരാബാദ്: വിഷപ്രാണിയുടെ കടിയേറ്റ് ചികിത്സയിൽ കഴിയുന്ന നടൻ രാജേഷ് ശർമ്മയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. പ്രഭാസ് നായകനാകുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനിൽ വെച്ചാണ് അപകടം സംഭവിച്ചത്. സംഭവത്തിൽ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് ഓൾ ഇന്ത്യ സിനി വർക്കേഴ്സ് അസോസിയേഷൻ (എഐസിഡബ്ല്യുഎ) രംഗത്തെത്തിയിട്ടുണ്ട്. ഇതിനിടെ, സംഭവത്തെക്കുറിച്ച് നടി സുദീപ ചാറ്റർജി സമൂഹമാധ്യമത്തിൽ പങ്കുവെച്ച വിശദീകരണം മണിക്കൂറുകൾക്കകം പിൻവലിച്ചത് വിഷയത്തിൽ ദുരൂഹത വർധിപ്പിച്ചിരിക്കുകയാണ്.
ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയിൽ ഷൂട്ടിംഗ് പൂർത്തിയായ ശേഷം സാങ്കേതിക പ്രവർത്തകരുമായി സംസാരിച്ചുനിൽക്കുന്നതിനിടെയാണ് രാജേഷ് ശർമ്മയ്ക്ക് കടിയേറ്റത്. കാടുപിടിച്ച പ്രദേശത്തുവെച്ച് വിഷമുള്ള ചിലന്തിയോ മറ്റേതെങ്കിലും പ്രാണിയോ കടിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. തുടക്കത്തിൽ ബുദ്ധിമുട്ടുകൾ അനുഭവപ്പെടാത്തതിനെ തുടർന്ന് ഉടൻ ചികിത്സ തേടിയിരുന്നില്ല. എന്നാൽ, മണിക്കൂറുകൾക്ക് ശേഷം ആരോഗ്യനില വഷളായതിനെത്തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടെങ്കിലും അപകടനില തരണം ചെയ്തിട്ടില്ലെന്ന് ഡോക്ടർമാർ അറിയിച്ചു.
ഷൂട്ടിംഗ് സെറ്റിലെ സുരക്ഷാ വീഴ്ചകളെക്കുറിച്ച് എഐസിഡബ്ല്യുഎ രൂക്ഷമായ വിമർശനമാണ് ഉന്നയിച്ചിരിക്കുന്നത്. അടിയന്തര ചികിത്സാ സൗകര്യങ്ങൾ സെറ്റിൽ ഉണ്ടായിരുന്നോയെന്നും, ഗുരുതരാവസ്ഥയിലായപ്പോൾ എന്തുകൊണ്ട് വേഗത്തിൽ വിദഗ്ധ ചികിത്സ ഉറപ്പാക്കിയില്ലെന്നും സംഘടന ചോദിക്കുന്നു. അന്വേഷണത്തിൽ വീഴ്ച കണ്ടെത്തിയാൽ ഉത്തരവാദികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും, നടന്റെ ചികിത്സാച്ചെലവ് പൂർണമായും നിർമാതാക്കൾ ഏറ്റെടുക്കണമെന്നും അവർ ആവശ്യപ്പെട്ടു. ‘സ്പെഷ്യൽ 26’, ‘ബജ്റംഗി ഭായ്ജാൻ’, ‘ടോയ്ലറ്റ്: ഏക് പ്രേം കഥ’ തുടങ്ങി നിരവധി ശ്രദ്ധേയമായ ചിത്രങ്ങളിലൂടെ ഇന്ത്യൻ സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ നടനാണ് രാജേഷ് ശർമ്മ.