വാഷിംഗ്ടൺ: ഇറാനെതിരെ കടുത്ത അന്ത്യശാസനവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തിയത് അന്താരാഷ്ട്ര തലത്തിൽ വലിയ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. ഒന്നുകിൽ കരാർ, അല്ലെങ്കിൽ യുദ്ധം എന്ന നിലപാടാണ് ട്രംപ് ഓവൽ ഓഫീസിൽ വെച്ച് വ്യക്തമാക്കിയത്. അലി ഖമനേയിയുടെ വിയോഗത്തിന് ശേഷം ടെഹ്റാൻ സ്വീകരിക്കുന്ന കടുത്ത നിലപാടുകൾക്കെതിരെ സൈനിക നടപടിക്ക് മടിക്കില്ലെന്ന മുന്നറിയിപ്പാണ് അദ്ദേഹം നൽകിയത്. ചർച്ചകളിലൂടെ പ്രശ്നപരിഹാരമാണ് ആഗ്രഹിക്കുന്നതെങ്കിലും, അതിന് തയ്യാറല്ലെങ്കിൽ മണിക്കൂറുകൾക്കുള്ളിൽ ഇറാനിലെ തന്ത്രപ്രധാനമായ പാലങ്ങളും ഊർജ്ജവിതരണ ശൃംഖലകളും തകർക്കാൻ അമേരിക്കയ്ക്ക് സാധിക്കുമെന്ന് ട്രംപ് വെല്ലുവിളിച്ചു.
കഴിഞ്ഞ ആഴ്ച നടന്ന യുഎസ്-ഇറാൻ പരോക്ഷ ചർച്ചകൾ ഫലപ്രദമാകാതെ അവസാനിച്ചതോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായത്. നയതന്ത്ര നീക്കങ്ങൾക്കായി 60 ദിവസത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നെങ്കിലും, ശാശ്വത സമാധാനത്തിലേക്ക് നയിക്കുന്ന യാതൊരു സൂചനയും ചർച്ചകളിൽ ഉണ്ടായില്ല. നിലവിൽ ഉപരോധങ്ങൾ മൂലം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഇറാനോട്, ബലപ്രയോഗം ആഗ്രഹിക്കുന്നില്ലെന്നും എന്നാൽ രാജ്യത്തിന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ ഏതറ്റം വരെയും പോകുമെന്നും ട്രംപ് ആവർത്തിച്ചു വ്യക്തമാക്കി.
ട്രംപിന്റെ ഭീഷണി തള്ളിക്കളഞ്ഞ ഇറാൻ, അമേരിക്കയുടെ നിലപാട് അപലപനീയമാണെന്ന് ശക്തമായി പ്രതികരിച്ചു. ഇറാൻ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി മുഹമ്മദ് ബാക്കർ സോൾഖാദർ മറുപടിയുമായി രംഗത്തെത്തി. ഭീഷണിയുടെ ഭാഷ ഇറാൻ ജനതയ്ക്ക് വശമില്ലെന്നും ബഹുമാനത്തോടെ സംസാരിക്കാൻ ശീലിക്കണമെന്നും അദ്ദേഹം സ്റ്റേറ്റ് മീഡിയയിലൂടെ മുന്നറിയിപ്പ് നൽകി. അല്ലാത്തപക്ഷം മറ്റൊരു ഭാഷയിൽ മറുപടി നൽകാൻ നിർബന്ധിതരാകുമെന്നും ഇറാൻ വ്യക്തമാക്കി. ഖമനേയിയുടെ വിയോഗത്തിന് ശേഷം ഇറാനിയൻ ജനതയിൽ കണ്ട അസാധാരണമായ ഐക്യവും ദൃഢനിശ്ചയവും അമേരിക്കയെ കൂടുതൽ പ്രകോപിപ്പിച്ചിട്ടുണ്ട്. ആണവായുധ ശേഖരം വികസിപ്പിക്കുന്നത് തടയുക എന്ന ലക്ഷ്യത്തോടെ വാഷിംഗ്ടൺ നയതന്ത്ര നീക്കങ്ങൾ തുടരുമ്പോൾ, ഇരുരാജ്യങ്ങളും തമ്മിലുള്ള ഈ വാക്പോര് വരും ദിവസങ്ങളിൽ കൂടുതൽ ഗുരുതരമായ സൈനിക നീക്കങ്ങളിലേക്ക് വഴിതുറക്കുമോ എന്ന ആശങ്കയിലാണ് ലോകം.