മുംബൈ: ട്രെയിനിലെ ഫസ്റ്റ് എസി കൂപ്പെ നവദമ്പതികൾക്കായി ഹണിമൂൺ സ്യൂട്ടിന് സമാനമായി അലങ്കരിച്ച സംഭവത്തിൽ, ഡ്യൂട്ടിയിലുണ്ടായിരുന്ന ടിക്കറ്റ് പരിശോധനാ ഉദ്യോഗസ്ഥനെ (ടിടിഇ) സൗത്ത് സെൻട്രൽ റെയിൽവേ സസ്പെൻഡ് ചെയ്തു. സംഭവത്തിൽ വകുപ്പുതല അന്വേഷണത്തിനും അധികൃതർ ഉത്തരവിട്ടു.
ജൂലൈ 6-ന് സർവീസ് നടത്തിയ നന്ദിഗ്രാം എക്സ്പ്രസ് ട്രെയിനിലെ ഫസ്റ്റ് എസി സ്വകാര്യ കൂപ്പെയിലാണ് സംഭവം നടന്നത്. ചുവപ്പും വെള്ളയും നിറത്തിലുള്ള ബലൂണുകൾ, റോസ് ഇതളുകൾ, പൂമാലകൾ, അലങ്കാര ലൈറ്റുകൾ എന്നിവ ഉപയോഗിച്ച് കൂപ്പെ ഒരു ഹണിമൂൺ മുറിയുടെ മാതൃകയിൽ അലങ്കരിക്കുകയായിരുന്നു. കിടക്കയിൽ ‘I Love You’ എന്ന സന്ദേശവും ഒരുക്കിയിരുന്നു. ഒരു സ്വകാര്യ ഡെക്കറേഷൻ ഏജൻസിയാണ് നവദമ്പതികൾക്കായി കൂപ്പെ അലങ്കരിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് സംഭവം റെയിൽവേ അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ, റെയിൽവേയുടെ അനുമതിയില്ലാതെ സ്വകാര്യ ഡെക്കറേറ്റർ ട്രെയിനിൽ പ്രവേശിച്ച് അലങ്കാരപ്പണികൾ നടത്തിയതായി കണ്ടെത്തി. ജൽന റെയിൽവേ സ്റ്റേഷനിൽ നിന്നാണ് ഡെക്കറേറ്റർ ട്രെയിനിൽ കയറിയതെന്നാണ് പ്രാഥമിക നിഗമനം. സംഭവം ഗുരുതരമായ സുരക്ഷാ വീഴ്ചയാണെന്ന് വിലയിരുത്തിയ അധികൃതർ ടിടിഇയെ സസ്പെൻഡ് ചെയ്യുകയായിരുന്നു. ട്രെയിനിൽ അനധികൃതമായി പ്രവേശിച്ചതിനും റെയിൽവേ നിയമങ്ങൾ ലംഘിച്ചതിനും ഡെക്കറേറ്റർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അന്വേഷണം പൂർത്തിയാകുന്ന മുറയ്ക്ക് ഉത്തരവാദികളായവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സൗത്ത് സെൻട്രൽ റെയിൽവേ വ്യക്തമാക്കി.