യൂറോപ്പ്: യൂറോപ്പിലുടനീളം അനുഭവപ്പെടുന്ന കനത്ത ഉഷ്ണതരംഗത്തോടൊപ്പം കാട്ടുതീയും അതിരൂക്ഷമായി പടരുന്നു. ഫ്രാന്‍സ്, സ്പെയിന്, പോര്‍ച്ചുഗല്‍, ഗ്രീസ് തുടങ്ങിയ രാജ്യങ്ങളിലായി ഇതുവരെ 19,000 ഹെക്ടറിലധികം (42,000 ഏക്കര്‍) വനഭൂമിയാണ് അഗ്നിക്കിരയായത്. തെക്കന്‍ യൂറോപ്പിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇതിനകം 10,500-ഓളം ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. താപനില വീണ്ടും 40 ഡിഗ്രി സെല്‍ഷ്യസിലേക്ക് ഉയരുമെന്ന കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ് പ്രദേശത്ത് കടുത്ത ആശങ്കയാണ് സൃഷ്ടിക്കുന്നത്.
കണ്ണെത്താ ദൂരത്തോളം വ്യാപിച്ച തീ നാടിനെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. തെക്കുപടിഞ്ഞാറന്‍ ഫ്രാന്‍സിലെ പെര്‍പിഗ്നാനില്‍ മാത്രം 1,650 ഹെക്ടര്‍ വനപ്രദേശമാണ് കത്തിനശിച്ചത്. തീ അതിവേഗം ജനവാസ മേഖലകളിലേക്ക് പടര്‍ന്നത് വലിയ പരിഭ്രാന്തിയുണ്ടാക്കി. ട്രെവില്ലാച്ച് ഗ്രാമത്തിലെ വീടുകള്‍ക്ക് തൊട്ടടുത്ത് വരെ തീയെത്തിയെന്നും, അവിശ്വസനീയമായ വേഗതയിലാണ് അത് വ്യാപിച്ചതെന്നും നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നു. ഗ്രീസിലെ തെസ്സലോനിക്കിയില്‍ കാട്ടുതീ വ്യവസായ ശാലകളിലേക്കും പടര്‍ന്നത് പ്രതിസന്ധി ഇരട്ടിയാക്കി. സ്പെയിനിലെ കോസ്റ്റ ബ്രാവ തീരത്ത് രണ്ട് ദിവസത്തിനുള്ളില്‍ 2,200 ഹെക്ടറിലധികം പ്രദേശമാണ് ചാരമായത്. ഉയര്‍ന്ന താപനിലയും ശക്തമായ വായുസഞ്ചാരവും കാരണം തീയണയ്ക്കാനുള്ള അഗ്നിശമന സേനയുടെ ശ്രമങ്ങള്‍ അതീവ ദുഷ്കരമായി തുടരുകയാണ്. ജനങ്ങളോട് ജാഗ്രത പാലിക്കാനും വീടുകളുടെ വാതിലുകളും ജനലുകളും അടച്ചിടാനും അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ മാസം യൂറോപ്പിലെ മിക്ക രാജ്യങ്ങളിലും റെക്കോര്‍ഡ് താപനിലയാണ് രേഖപ്പെടുത്തിയത്. മുന്‍കാല താപനില റെക്കോര്‍ഡുകളെ അപേക്ഷിച്ച് 2-3 ഡിഗ്രി സെല്‍ഷ്യസ് അധികമാണ് പലയിടത്തും അനുഭവപ്പെടുന്നത്. അഭൂതപൂര്‍വ്വമായ ഈ ഉഷ്ണതരംഗം ആയിരക്കണക്കിന് മരണങ്ങള്‍ക്കും കാരണമായെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഫ്രാന്‍സില്‍ മാത്രം കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് മരണനിരക്കില്‍ 29.1 ശതമാനം വര്‍ദ്ധനവുണ്ടായതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. തുടരുന്ന ചൂടും കാട്ടുതീയും ഭൂഖണ്ഡത്തെ വലിയൊരു ദുരന്തത്തിന്റെ വക്കിലെത്തിച്ചിരിക്കുകയാണ്.