വാഷിംഗ്ടൺ: ഇറാനെതിരെ കടുത്ത മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്ത്. ഒന്നുകിൽ കരാർ, അല്ലെങ്കിൽ യുദ്ധം എന്ന നിലപാടാണ് അമേരിക്ക സ്വീകരിച്ചിരിക്കുന്നത്. ഇറാൻ-അമേരിക്കൻ ബന്ധത്തിൽ നിലനിൽക്കുന്ന സംഘർഷങ്ങൾക്കിടയിൽ, ടെഹ്റാൻ സ്വീകരിക്കുന്ന കടുത്ത നയങ്ങൾക്കെതിരെ സൈനിക നടപടിക്ക് മടിക്കില്ലെന്ന സൂചനയാണ് ഓവൽ ഓഫീസിൽ വെച്ച് ട്രംപ് നൽകിയത്. ഒരു കരാറിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാനാണ് താത്പര്യമെന്നും, അതിന് തയ്യാറല്ലെങ്കിൽ മണിക്കൂറുകൾക്കുള്ളിൽ ഇറാനിലെ പാലങ്ങളും ഊർജ്ജവിതരണ ശൃംഖലകളും തകർക്കാൻ അമേരിക്കയ്ക്ക് സാധിക്കുമെന്നും അദ്ദേഹം വെല്ലുവിളിച്ചു.
കഴിഞ്ഞയാഴ്ച നടന്ന യുഎസ്-ഇറാൻ പരോക്ഷ ചർച്ചകൾ ഫലമില്ലാതെ അവസാനിച്ചതാണ് സ്ഥിതിഗതികൾ കൂടുതൽ വഷളാക്കിയത്. നയതന്ത്ര നീക്കങ്ങൾക്കായി 60 ദിവസത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നെങ്കിലും ശാശ്വത സമാധാനത്തിലേക്ക് നയിക്കുന്ന യാതൊരു സൂചനയും ചർച്ചകളിൽ ഉണ്ടായില്ല. നിലവിൽ ഉപരോധങ്ങൾ മൂലം സാമ്പത്തികമായി പ്രതിസന്ധിയിലായ ഇറാനോട്, ബലപ്രയോഗം ആഗ്രഹിക്കുന്നില്ലെന്നും എന്നാൽ രാജ്യത്തിന്റെ താത്പര്യങ്ങൾ സംരക്ഷിക്കാൻ ഏതറ്റം വരെയും പോകുമെന്നും ട്രംപ് വ്യക്തമാക്കി.
ട്രംപിന്റെ ഭീഷണിയെ തള്ളിക്കളഞ്ഞ ഇറാൻ, അമേരിക്കയുടെ നിലപാട് അപലപനീയമാണെന്ന് വ്യക്തമാക്കി രംഗത്തെത്തി. ഇറാൻ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി മുഹമ്മദ് ബാക്കർ സോൾഖാദർ ഇതിന് മറുപടിയുമായി രംഗത്തെത്തി. ഇറാൻ ജനതയ്ക്ക് ഭീഷണികളുടെ ഭാഷ അറിയില്ലെന്നും ബഹുമാനത്തോടെ സംസാരിക്കാൻ ശീലിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ആണവായുധ ശേഖരം വികസിപ്പിക്കുന്നത് തടയുക എന്ന ലക്ഷ്യത്തോടെ വാഷിംഗ്ടൺ നയതന്ത്ര നീക്കങ്ങൾ തുടരുമ്പോഴും, ഇരുരാജ്യങ്ങളും തമ്മിലുള്ള ഈ വാക്പോര് വരും ദിവസങ്ങളിൽ കൂടുതൽ ഗുരുതരമായ സൈനിക നീക്കങ്ങളിലേക്ക് നയിക്കുമോ എന്ന ആശങ്കയിലാണ് ലോകരാജ്യങ്ങൾ.