കൊച്ചി: ആഗോള വിപണിയിലെ സമ്മിശ്ര സൂചനകൾക്കിടയിലും ഇന്ത്യൻ ഓഹരി വിപണി ചൊവ്വാഴ്ച നേട്ടത്തോടെ വ്യാപാരം ആരംഭിക്കുമെന്ന പ്രതീക്ഷയിലാണ് നിക്ഷേപകർ. ഗിഫ്റ്റ് നിഫ്റ്റി നൽകുന്ന പോസിറ്റീവ് സൂചനകളും യുഎസ് വിപണിയുടെ കരുത്തുറ്റ പ്രകടനവും വിപണിക്ക് അനുകൂല ഘടകങ്ങളാണ്. തുടർച്ചയായ നാലാം സെഷനിലും നേട്ടം നിലനിർത്താൻ കഴിഞ്ഞത് ഇന്ത്യൻ സൂചികകൾക്ക് വലിയ ആത്മവിശ്വാസം നൽകുന്നുണ്ട്. തിങ്കളാഴ്ച സെൻസെക്സ് 521.16 പോയിന്റ് ഉയർന്ന് 78,285.07 ലും നിഫ്റ്റി 159.50 പോയിന്റ് ഉയർന്ന് 24,430.35 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഏഷ്യൻ വിപണികൾ സമ്മിശ്രമായാണ് പ്രതികരിക്കുന്നത്. ജപ്പാനിലെ നിക്കി ഇടിവ് നേരിടുമ്പോൾ ടോപിക്സ് നേട്ടത്തിലാണ്. ദക്ഷിണ കൊറിയയുടെ കോസ്പിയിലും സമാനമായ വ്യതിയാനങ്ങൾ പ്രകടമാണ്. അതേസമയം, ഗിഫ്റ്റ് നിഫ്റ്റി 24,578 ലെവലിൽ വ്യാപാരം തുടരുന്നത് ഇന്ത്യൻ വിപണിയിൽ പോസിറ്റീവ് തുടക്കത്തിന് സാധ്യതയേകുന്നു. യുഎസ് വിപണിയിൽ സാങ്കേതിക ഓഹരികളിലുണ്ടായ മുന്നേറ്റം നാസ്ഡാക്കിനെയും എസ് & പി സൂചികകളെയും മികച്ച നിലയിലെത്തിച്ചു. എൻവിഡിയ, എഎംഡി, മെറ്റാ, ആപ്പിൾ, ടെസ്ല തുടങ്ങിയ ഓഹരികൾ മികച്ച നേട്ടം രേഖപ്പെടുത്തിയത് ആഗോളതലത്തിൽ നിക്ഷേപകരുടെ മനോവീര്യം വർധിപ്പിച്ചിട്ടുണ്ട്.
സ്വർണ്ണ വിലയിൽ നേരിയ ഇടിവുണ്ടായപ്പോൾ അസംസ്കൃത എണ്ണ വിലയിൽ വർധനവ് രേഖപ്പെടുത്തി. വിപണികളിലെ ഭയത്തിന്റെ അളവുകോലായ ഇന്ത്യ വിക്സ് 11.82 ലാണ്. ഇന്ന് വിപണിയിൽ ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികളിൽ റിലയൻസ് ഇൻഡസ്ട്രീസ്, ട്രെന്റ്, ടൈറ്റൻ, കൊച്ചിൻ ഷിപ്പ്യാർഡ്, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, നെസ്ലെ എന്നിവ ഉൾപ്പെടുന്നു. കൊച്ചിൻ ഷിപ്പ്യാർഡിലെ ഓഹരി വിൽപനയുമായി ബന്ധപ്പെട്ട സർക്കാർ തീരുമാനവും, റിലയൻസ് ഇൻഡസ്ട്രീസിനെതിരെ സെബി നൽകിയ അഡ്മിനിസ്ട്രേറ്റീവ് മുന്നറിയിപ്പും നിക്ഷേപകർ പ്രത്യേകം നിരീക്ഷിക്കുന്നുണ്ട്. കമ്പനികളുടെ ജൂൺ പാദഫലങ്ങളും സ്റ്റോർ വികാസവും വിപണിയിലെ ഓഹരികളുടെ നീക്കങ്ങളെ സ്വാധീനിച്ചേക്കും.