കൊരട്ടി: യുവാവിനെ അകാരണമായി തടഞ്ഞുനിർത്തി മർദിക്കുകയും മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള സാധനങ്ങൾ നശിപ്പിക്കുകയും ചെയ്ത സംഭവത്തിൽ കൊരട്ടി പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ വിനുകുമാറിനെ സസ്പെൻഡ് ചെയ്തു. വെസ്റ്റ് കൊരട്ടി കണ്ടൻകാവിൽ സ്വദേശി സിദ്ധാർഥ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
കഴിഞ്ഞ ജൂൺ 30-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൊരട്ടി ജംഗ്ഷനിൽ നിൽക്കുകയായിരുന്ന സിദ്ധാർഥിനെ, ബാറിലുണ്ടായ അടിപിടിക്കേസിലെ പ്രതിയാണെന്ന് ആരോപിച്ചാണ് ഉദ്യോഗസ്ഥൻ അസഭ്യം പറഞ്ഞത്. തുടർന്ന് യുവാവിനെ മർദിക്കുകയും കഴുത്ത്, കവിൾ, നെറ്റി, മൂക്ക് എന്നിവിടങ്ങളിൽ പരിക്കേൽപ്പിക്കുകയും ചെയ്തതായി എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നു. മർദനത്തിനിടെ സിദ്ധാർഥിന്റെ മൊബൈൽ ഫോൺ, ചാർജർ, ഹെഡ്സെറ്റ് എന്നിവ നിലത്തെറിഞ്ഞ് തകർത്തതിലൂടെ ഏകദേശം 75,000 രൂപയുടെ നാശനഷ്ടം സംഭവിച്ചതായും പരാതിയിൽ പറയുന്നു.
മർദനമേറ്റ് ബോധരഹിതനായ സിദ്ധാർഥിനെ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി. സിദ്ധാർഥിന്റെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കൊരട്ടി പോലീസ് നേരത്തെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. വിഷയത്തിൽ മന്ത്രി കെ. രാജൻ ഇടപെട്ടതിന് പിന്നാലെയാണ് പോലീസ് ഉദ്യോഗസ്ഥനെതിരെ അച്ചടക്ക നടപടിയുണ്ടായത്. വിനുകുമാറിനെതിരെ സമാന സ്വഭാവത്തിലുള്ള മറ്റ് പരാതികളും നിലവിലുണ്ടെന്നാണ് വിവരം.