എറണാകുളം: രവിപുരത്ത് പ്രവർത്തിക്കുന്ന ജാസ്മിൻ ഗ്രാഫിക്സ് എന്ന പ്രിന്റിങ് പ്രസ്സിൽ വൻ തീപിടിത്തം. മുപ്പതിലേറെ വർഷമായി പ്രവർത്തിക്കുന്ന സ്ഥാപനത്തിന്റെ ഇരുനില കെട്ടിടത്തിലെ താഴത്തെ നിലയിലാണ് തീപിടിത്തമുണ്ടായത്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
പ്രിന്റിങ്ങിനായി സൂക്ഷിച്ചിരുന്ന പേപ്പറുകളിലേക്കും പ്രധാന രേഖകളിലേക്കും തീ അതിവേഗം പടരുകയായിരുന്നു. പേപ്പർ സ്റ്റോക്ക് കൂടുതലായുണ്ടായിരുന്നതിനാൽ തീ നിയന്ത്രിക്കാൻ ബുദ്ധിമുട്ട് നേരിട്ടു. രാവിലെ പ്രസ്സിലെത്തിയ ഉടമയുടെ മകളാണ് തീ പടരുന്നത് ആദ്യം ശ്രദ്ധിച്ചത്. ഉടൻ തന്നെ വിവരം അഗ്നിരക്ഷാസേനയെ അറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ് അഞ്ച് യൂണിറ്റ് അഗ്നിരക്ഷാസേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.
ഏകദേശം ഒന്നര മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ പൂർണമായും നിയന്ത്രണവിധേയമാക്കിയത്. സമീപത്തെ കെട്ടിടങ്ങളിലേക്ക് തീ പടരാതിരിക്കാൻ രണ്ട് വശങ്ങളിൽ നിന്നുമായി അഗ്നിരക്ഷാസേന നടത്തിയ ഇടപെടൽ നിർണായകമായി. അടുത്തിടെ എത്തിച്ച പേപ്പർ ലോഡ് ഉൾപ്പെടെയുള്ള ഭൂരിഭാഗം സാമഗ്രികളും പൂർണമായും കത്തിനശിച്ചു. സംഭവത്തിൽ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക വിലയിരുത്തൽ. സംഭവത്തിൽ അധികൃതർ കൂടുതൽ അന്വേഷണം നടത്തിവരികയാണ്.