ന്യൂഡൽഹി: വാട്സ്ആപ്പിന്റെ പുതിയ യൂസര്‍നെയിം ഫീച്ചറിന് ഇന്ത്യയില്‍ കനത്ത തിരിച്ചടി. ഫോണ്‍ നമ്പര്‍ വെളിപ്പെടുത്താതെ യൂസര്‍നെയിമുകള്‍ ഉപയോഗിച്ച് ഉപയോക്താക്കള്‍ക്ക് പരസ്പരം ചാറ്റിങ് സാധ്യമാക്കുന്ന ഈ ഫീച്ചർ, സൈബര്‍ തട്ടിപ്പുകള്‍ക്കും ആള്‍മാറാട്ടങ്ങള്‍ക്കും വഴിയൊരുക്കുമെന്ന് ആശങ്ക പ്രകടിപ്പിച്ച് കേന്ദ്ര ഐടി മന്ത്രാലയം രംഗത്തെത്തി. ഫീച്ചർ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾ അടിയന്തരമായി നിർത്തിവെക്കണമെന്നും, വിഷയത്തിൽ വിശദീകരണം നൽകണമെന്നും ആവശ്യപ്പെട്ട് മന്ത്രാലയം മെറ്റയ്ക്ക് ഔദ്യോഗിക നോട്ടീസ് അയച്ചു.
നിലവില്‍ ഈ ഫീച്ചര്‍ ഇന്ത്യയില്‍ ഔദ്യോഗികമായി ലഭ്യമായി തുടങ്ങിയിട്ടില്ലെങ്കിലും, ഉപയോക്താക്കളോട് തങ്ങളുടെ ഇഷ്ടമുള്ള യൂസര്‍നെയിമുകള്‍ റിസര്‍വ് ചെയ്യാന്‍ വാട്സ്ആപ്പ് നേരത്തെ നിർദ്ദേശം നൽകിയിരുന്നു. എന്നാൽ, സര്‍ക്കാര്‍ ഏജന്‍സികള്‍, പ്രമുഖ ബാങ്കുകള്‍, ഉന്നത വ്യക്തിത്വങ്ങൾ എന്നിവരെ അനുകരിച്ച് വ്യാജ യൂസര്‍നെയിമുകള്‍ സൃഷ്ടിച്ച് തട്ടിപ്പുകാർ സജീവമാകാൻ സാധ്യതയുണ്ടെന്നാണ് അധികൃതരുടെ വിലയിരുത്തൽ. ഫിഷിംഗ്, ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പുകള്‍ എന്നിവയ്ക്ക് ഈ സംവിധാനം മറയാകുമെന്നതാണ് സർക്കാരിന്റെ പ്രധാന ആശങ്ക.
പ്രമുഖ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും സുരക്ഷയൊരുക്കാന്‍ പ്രത്യേക യൂസര്‍നെയിമുകള്‍ റിസര്‍വ് ചെയ്തിട്ടുണ്ടെന്ന് മെറ്റ വിശദീകരിക്കുന്നുണ്ടെങ്കിലും, നിലവിലെ സുരക്ഷാ ക്രമീകരണങ്ങൾ അപര്യാപ്തമാണെന്നാണ് സർക്കാരിന്റെ നിലപാട്. നേരത്തെ ടെലിഗ്രാം ആപ്പ് നേരിട്ട സുരക്ഷാ വീഴ്ചകളും, ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് ഉയർന്ന നിരോധന ഭീഷണിയും കണക്കിലെടുത്ത് വാട്സ്ആപ്പിന്റെ കാര്യത്തിൽ അതീവ ജാഗ്രത പുലർത്താനാണ് മന്ത്രാലയത്തിന്റെ തീരുമാനം. മൂന്ന് ദിവസത്തിനുള്ളില്‍ മെറ്റ നൽകുന്ന മറുപടിയുടെ അടിസ്ഥാനത്തിലായിരിക്കും ഇന്ത്യയിൽ ഈ ഫീച്ചർ നടപ്പിലാക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക.