ന്യൂഡൽഹി: അദാനി പോർട്സ് ഓഹരികൾ വിപണിയിൽ റെക്കോർഡ് നേട്ടത്തിലേക്ക്. വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങൾ ഓഹരികളുടെ ടാർഗറ്റ് വില ഉയർത്തിയതാണ് നിക്ഷേപകർക്കിടയിൽ കമ്പനിക്ക് കരുത്തായത്. ബുധനാഴ്ച 1848 രൂപയിൽ വ്യാപാരം അവസാനിപ്പിച്ച ഓഹരി, വ്യാഴാഴ്ച രാവിലെ 10.30-ഓടെ 1864 രൂപ എന്ന നിലയിലേക്ക് ഉയർന്നു. വിപണി മൂല്യം 4.26 ലക്ഷം കോടി രൂപ മറികടന്ന കമ്പനി, കഴിഞ്ഞ സെഷനിൽ 1881 രൂപ എന്ന എക്കാലത്തെയും ഉയർന്ന നിലവാരവും തൊട്ടിരുന്നു.
കഴിഞ്ഞ ഒരു വർഷത്തിനിടെ വിപണിയിൽ വലിയ ചാഞ്ചാട്ടങ്ങൾ പ്രകടിപ്പിച്ചിരുന്ന ഓഹരികൾ, ഇപ്പോൾ 10 ദിവസത്തെയും 200 ദിവസത്തെയും ശരാശരി മൂവിങ് ആവറേജിന് മുകളിലാണ് വ്യാപാരം തുടരുന്നത്. 2026 ജൂണിൽ 46.8 എംഎംടി കാർഗോ കൈകാര്യം ചെയ്ത സ്ഥാനത്ത്, 2027 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ 138.1 എംഎംടി കാർഗോ കൈകാര്യം ചെയ്യാൻ കമ്പനിക്ക് സാധിച്ചു. വിഴിഞ്ഞം തുറമുഖത്ത് എംഎസ്സി ഗ്രൂപ്പ് പ്രഖ്യാപിച്ച 140 കോടി ഡോളറിന്റെ നിക്ഷേപമാണ് നിലവിലെ മുന്നേറ്റത്തിന് പ്രധാന പ്രേരകമായത്.
അദാനി പോർട്സ് ഓഹരികളിൽ പ്രമുഖ ബ്രോക്കറേജ് സ്ഥാപനങ്ങൾ ബുള്ളിഷ് റേറ്റിങ്ങാണ് തുടരുന്നത്. എംഎസ്സി ഗ്രൂപ്പുമായുള്ള ഈ പങ്കാളിത്തം കമ്പനിയുടെ ഭാവി വളർച്ചയ്ക്ക് വലിയ മുതൽക്കൂട്ടാകുമെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 25 ശതമാനത്തിലധികം നേട്ടമാണ് ഓഹരി രേഖപ്പെടുത്തിയിരിക്കുന്നത്. നിഫ്റ്റി 50 സൂചികയുടെ പ്രകടനത്തെ മറികടക്കാൻ അദാനി പോർട്സിന് സാധിച്ചു. ജെഫ്രീസ് ഓഹരിയിൽ ‘ബൈ’ റേറ്റിംഗ് നൽകി 2160 രൂപയാണ് ടാർഗറ്റ് വില നിശ്ചയിച്ചിരിക്കുന്നത്. ഇഎംകെ ഗ്ലോബൽ 2000 രൂപയാണ് ലക്ഷ്യവിലയായി നൽകിയിരിക്കുന്നത്.