മാവേലിക്കര: ബാലഗോകുലം ദക്ഷിണകേരളത്തിന്റെ 51-ാമത് വാർഷിക സമ്മേളനം ജൂലൈ മൂന്ന് മുതൽ അഞ്ച് വരെ മാവേലിക്കര വിദ്യാധിരാജ വിദ്യാപീഠം സെൻട്രൽ സൈനിക് സ്കൂളിൽ വെച്ച് നടക്കും. വെള്ളിയാഴ്ച രാവിലെ 10 മണിക്ക് നടക്കുന്ന ദക്ഷിണകേരളം നിർവാഹകസമിതി യോഗത്തോടെ സമ്മേളന നടപടികൾക്ക് തുടക്കമാകും. തുടർന്ന് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ മാവേലിക്കര കൊറ്റർകാവ് ശുഭാനന്ദാശ്രമത്തിലെ സൂക്ഷ്മാനന്ദ സ്വാമികൾ അധ്യക്ഷത വഹിക്കും.
ജൂലൈ നാലിന് രാവിലെ 9.30-ന് നടക്കുന്ന പ്രവർത്തക പഠനശിബിരം ഉമ്പർനാട് നരസിംഹ കുശ്മാണ്ഡ സിദ്ധാശ്രമത്തിലെ സത്സ്വരൂപാനന്ദ സരസ്വതി സ്വാമികൾ ഉദ്ഘാടനം ചെയ്യും. തുടർന്ന് നടക്കുന്ന വിവിധ സെഷനുകളിൽ പ്രതിനിധിസഭ, പരിശീലനസഭ, ചർച്ചസഭ, ബാലസഭ, സംഘാടനസഭ, ഭജനസഭ, ബൗദ്ധിക് സഭ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന വിവിധ പരിപാടികൾ പ്രവർത്തകർക്ക് പുതിയ അനുഭവങ്ങൾ നൽകുമെന്ന് സംഘാടകർ അറിയിച്ചു.
ജൂലൈ അഞ്ചിന് രാവിലെ 10 മണിക്ക് നടക്കുന്ന പൊതുസഭ എം.ജി സർവകലാശാല വൈസ് ചാൻസലർ ഡി. മാവൂത് ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ മലയാളം കലണ്ടറിന്റെയും പുസ്തകത്തിന്റെയും പ്രകാശനം നടക്കും. വൈകീട്ട് മൂന്ന് മണിക്ക് നടക്കുന്ന സമാപനസഭയോടെ മൂന്നുദിവസം നീണ്ടുനിൽക്കുന്ന വാർഷിക സമ്മേളനത്തിന് തിരശ്ശീല വീഴും. വാർത്താസമ്മേളനത്തിൽ സംസ്ഥാന പൊതുകാര്യദർശി കെ.എൻ. സജികുമാർ, ദക്ഷിണ കേരള അധ്യക്ഷൻ എൻ. ഉണ്ണികൃഷ്ണൻ, റവന്യൂ ജില്ല ഉപാധ്യക്ഷൻ മന്മഥകുമാർ, സംഘാടകസമിതി ജനറൽ കൺവീനർ കെ.എം. ഗിരീഷ് എന്നിവർ പങ്കെടുത്തു.