മുംബൈ: ഓഹരി വിപണി മൂല്യത്തിൽ ആഗോളതലത്തിൽ ഇന്ത്യ വീണ്ടും അഞ്ചാം സ്ഥാനത്തേക്ക് കുതിച്ചു. തായ്വാൻ, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളിലെ ഓഹരി വിപണിയിലുണ്ടായ ഇടിവും തിരുത്തലും ഇന്ത്യൻ വിപണിക്ക് അനുകൂലമായ സാഹചര്യമൊരുക്കുകയായിരുന്നു. ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്ന ഇന്ത്യൻ വിപണി, ശക്തമായ തിരിച്ചുവരവിലൂടെയാണ് നേട്ടം കൈവരിച്ചത്.
ഇന്ത്യൻ ഓഹരി വിപണിയുടെ മൊത്തം മൂല്യം 5.05 ലക്ഷം കോടി ഡോളറായി ഉയർന്നു. തായ്വാൻ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളുടെ വിപണി മൂല്യം 5 ലക്ഷം കോടി ഡോളറിൽ താഴേക്ക് എത്തിയതാണ് ഇന്ത്യയ്ക്ക് മുന്നേറാൻ അവസരമൊരുക്കിയത്. അസംസ്കൃത എണ്ണവിലയിൽ ഉണ്ടായ കുറവും ജൂണിൽ ഇന്ത്യൻ വിപണികൾ കാഴ്ചവെച്ച മികച്ച പ്രകടനവും ഈ മുന്നേറ്റത്തിന് കരുത്തേകി. നിലവിൽ തായ്വാന്റെ വിപണി മൂല്യം 4.97 ലക്ഷം കോടി ഡോളറായും ദക്ഷിണ കൊറിയയുടേത് 4.66 ലക്ഷം കോടി ഡോളറുമായാണ് കുറഞ്ഞത്.
ആഗോളതലത്തിൽ യുഎസ് ഓഹരി വിപണി തന്നെയാണ് ഒന്നാം സ്ഥാനത്ത് തുടരുന്നത്. ചൈന, ജപ്പാൻ, ഹോങ്കോംഗ് എന്നിവയാണ് തൊട്ടുപിന്നിലുള്ളത്. ആഗോള വിപണികളിൽ ജൂണിൽ മാന്ദ്യം അനുഭവപ്പെട്ടപ്പോഴും ഇന്ത്യൻ വിപണികൾ സ്ഥിരതയും കരുത്തും പ്രകടിപ്പിച്ചത് നിക്ഷേപകർക്കിടയിൽ ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്. അതേസമയം, കൃത്രിമബുദ്ധി (എഐ), സെമികണ്ടക്ടർ മേഖലകളിലെ റെക്കോർഡ് റാലികൾക്ക് ശേഷം ഈ രാജ്യങ്ങളിലെ നിക്ഷേപകർ ലാഭമെടുപ്പിന് മുതിർന്നതാണ് ദക്ഷിണ കൊറിയയെയും തായ്വാനെയും പിന്നിലാക്കിയത്.