തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം വീണ്ടും ശക്തിപ്രാപിച്ച സാഹചര്യത്തിൽ അടുത്ത അഞ്ച് ദിവസങ്ങളിൽ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. കനത്ത മഴയെത്തുടർന്ന് ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നിർദേശിക്കുന്നു.
തിങ്കളാഴ്ച കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ചൊവ്വാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലും, ബുധനാഴ്ച കണ്ണൂർ, കാസറഗോഡ് ജില്ലകളിലും ഓറഞ്ച് അലർട്ട് ബാധകമായിരിക്കും. ഈ ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയുണ്ടാകുമെന്നാണ് പ്രവചനം. 24 മണിക്കൂറിനിടെ 115.6 മില്ലീമീറ്റർ മുതൽ 204.4 മില്ലീമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുള്ളതിനാൽ ഇടിമിന്നലോടുകൂടിയ മഴയും ശക്തമായ കാറ്റും ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു.
ചൊവ്വാഴ്ച ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലും, ബുധനാഴ്ച തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ വ്യാഴാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലും യെല്ലോ അലർട്ട് തുടരും. മലയോര മേഖലകളിലും നദീതീര പ്രദേശങ്ങളിലും താമസിക്കുന്നവർ പ്രത്യേക ജാഗ്രത പാലിക്കണമെന്നും സർക്കാർ സംവിധാനങ്ങൾ നൽകുന്ന നിർദ്ദേശങ്ങൾ കർശനമായി പിന്തുടരണമെന്നും ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.