ന്യൂഡല്‍ഹി: സ്വാതന്ത്ര്യാനന്തര ഇന്ത്യ കണ്ട ഏറ്റവും ശക്തരായ പ്രധാനമന്ത്രിമാരില്‍ ഒരാളാണ് നരേന്ദ്ര മോദിയെന്നും, അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവം നിഷേധിക്കാനാകില്ലെന്നും കോണ്‍ഗ്രസ് മുന്‍ നേതാവും മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ മകളുമായ ശര്‍മ്മിഷ്ഠ മുഖര്‍ജി. ഒരു സ്വകാര്യ മാധ്യമത്തില്‍ എഴുതിയ ലേഖനത്തിലാണ് പ്രധാനമന്ത്രിയെക്കുറിച്ചുള്ള തന്റെ രാഷ്ട്രീയ നിരീക്ഷണങ്ങള്‍ അവര്‍ പങ്കുവെച്ചത്. ദേശീയ രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് ഈ പരാമര്‍ശങ്ങള്‍ വഴിവെച്ചിരിക്കുന്നത്.
2014-ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം ആദ്യമായി പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട നരേന്ദ്ര മോദി പാര്‍ലമെന്റിന്റെ പടികള്‍ വണങ്ങിയ നിമിഷം ദശലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ ഹൃദയങ്ങളെ സ്പര്‍ശിച്ച വൈകാരിക മുഹൂര്‍ത്തമായിരുന്നുവെന്ന് ശര്‍മ്മിഷ്ഠ ലേഖനത്തില്‍ കുറിക്കുന്നു. തിരഞ്ഞെടുപ്പിന് ശേഷം രാഷ്ട്രപതി ഭവനില്‍ പ്രണബ് മുഖര്‍ജിയും നരേന്ദ്ര മോദിയും തമ്മില്‍ നടന്ന കൂടിക്കാഴ്ചയെക്കുറിച്ചുള്ള വിവരങ്ങളും അവര്‍ പങ്കുവെച്ചു. ഇന്ത്യയില്‍ ആദ്യമായി ഒരു പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ തിരഞ്ഞെടുപ്പിന് മുമ്പ് പ്രഖ്യാപിക്കുകയും, ആ വ്യക്തിയുടെ പേരില്‍ ജനങ്ങള്‍ നേരിട്ട് വിധിയെഴുതുകയും ചെയ്ത തിരഞ്ഞെടുപ്പായിരുന്നു 2014-ലേതെന്ന് പ്രണബ് മുഖര്‍ജി വിലയിരുത്തിയിരുന്നുവെന്ന് ശര്‍മ്മിഷ്ഠ ഓര്‍മ്മിപ്പിക്കുന്നു.
ബിജെപിയുടെ വിജയത്തിന് ശക്തമായ സംഘടനാ സംവിധാനവും രാഷ്ട്രീയ പക്വതയും കാരണമായിട്ടുണ്ടെങ്കിലും, പാര്‍ട്ടിയുടെ ഏറ്റവും വലിയ ശക്തി മോദിയുടെ വ്യക്തിത്വമാണെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. മോദിയുടെ പ്രവര്‍ത്തനശൈലിയോട് വിയോജിപ്പുള്ളവര്‍ക്ക് പോലും അദ്ദേഹത്തെ ഇഷ്ടപ്പെടാനോ വെറുക്കാനോ സാധിക്കുമെങ്കിലും ‘ബ്രാന്‍ഡ് മോദി’യെ അവഗണിക്കാനാകില്ലെന്ന് ലേഖനത്തില്‍ വ്യക്തമാക്കുന്നു. രാഷ്ട്രീയമായി വ്യത്യസ്ത ചേരികളിലായിരുന്നെങ്കിലും പ്രണബ് മുഖര്‍ജിയും നരേന്ദ്ര മോദിയും തമ്മില്‍ വലിയ പരസ്പര ബഹുമാനവും സൗഹൃദപരമായ ബന്ധവുമാണ് നിലനിന്നിരുന്നത്. കോണ്‍ഗ്രസ് പശ്ചാത്തലമുള്ള ഒരു നേതാവില്‍ നിന്നുള്ള ഈ വിലയിരുത്തല്‍ നിലവില്‍ രാഷ്ട്രീയ കേന്ദ്രങ്ങളില്‍ സജീവ ചര്‍ച്ചാവിഷയമായി മാറിക്കഴിഞ്ഞു.