തിരുവനന്തപുരം: ക്രിക്കറ്റ് പരിശീലനത്തിനെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പരിശീലകന് 47 വർഷം കഠിനതടവും 79,000 രൂപ പിഴയും വിധിച്ച് തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി. വള്ളക്കടവ് ശ്രീവരാഹം സ്വദേശി മനുവിനെയാണ് കോടതി ശിക്ഷിച്ചത്. ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്ത മൂന്നാമത്തെ കേസിലാണ് ഇപ്പോൾ വിധി വന്നിരിക്കുന്നത്. നേരത്തെ ആദ്യ രണ്ട് കേസുകളിലും പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തി കോടതി ശിക്ഷ വിധിച്ചിരുന്നു.
പ്രോസിക്യൂഷൻ വാദങ്ങൾ പരിഗണിച്ച കോടതി, ഓരോ കേസിലെയും ശിക്ഷ പ്രത്യേകം അനുഭവിച്ച ശേഷം മാത്രമേ അടുത്ത കേസിലെ ശിക്ഷ ആരംഭിക്കാവൂ എന്ന് കർശന നിർദേശം നൽകി. ഇതിനാൽ, നിലവിലെ ശിക്ഷ ആദ്യ രണ്ട് കേസുകളിലെ ശിക്ഷാ കാലാവധി പൂർത്തിയായ ശേഷമേ പ്രാബല്യത്തിൽ വരികയുള്ളൂ. ഇതിനിടെ സമാനമായ നാലാമത്തെ കേസിലും പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്. ഈ കേസിലെ ശിക്ഷ തിങ്കളാഴ്ച പ്രഖ്യാപിക്കും. തിരുവനന്തപുരം നഗരത്തിലെ പ്രമുഖ ക്രിക്കറ്റ് പരിശീലന കേന്ദ്രത്തിൽ 2018-ലാണ് കേസിനാസ്പദമായ സംഭവങ്ങളുടെ തുടക്കം. പരിശീലനത്തിനെത്തിയ പെൺകുട്ടിയെ ജിമ്മിലേക്കും ബാത്ത്റൂമിലേക്കും കൊണ്ടുപോയി പലതവണ പീഡിപ്പിച്ചെന്നാണ് കേസ്.
ഇരയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയ പ്രതി, സംഭവം പുറത്തുപറഞ്ഞാൽ കായിക ജീവിതം തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. ഭയം മൂലം പെൺകുട്ടി പരാതി നൽകാൻ വൈകി. 2019-ൽ മറ്റൊരു അക്കാദമിയിലേക്ക് മാറിയെങ്കിലും സമാനമായ രീതിയിൽ മറ്റ് അഞ്ച് പെൺകുട്ടികളും ഇയാളുടെ പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായി. 2024-ൽ നടന്ന ക്രിക്കറ്റ് ടൂർണമെന്റിനിടെ പ്രതിയെ വീണ്ടും കണ്ടപ്പോൾ ഒരു ഇര പ്രതികരിച്ചതാണ് കേസിന് വഴിത്തിരിവായത്. തുടർന്ന് ആറ് കേസുകളാണ് പ്രതിക്കെതിരെ രജിസ്റ്റർ ചെയ്തത്. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ.എസ്. വിജയ് മോഹനാണ് പ്രോസിക്യൂഷന് വേണ്ടി ഹാജരായത്.