പാറശ്ശാല: നിയമസഭാ തെരഞ്ഞെടുപ്പ് കാലയളവിൽ തന്റെ ജാതിയെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചെന്നാരോപിച്ച് ബിഗ് ടിവിക്കും മാധ്യമപ്രവർത്തകരായ സുജയ പാർവതി, ലക്ഷ്മി പദ്മ എന്നിവർക്കുമെതിരെ നിയമനടപടികളുടെ ഭാഗമായി വക്കീൽ നോട്ടീസ് അയച്ചതായി പാറശ്ശാല മണ്ഡലം എൻഡിഎ സ്ഥാനാർഥിയായിരുന്ന ഗിരീഷ് നെയ്യാർ അറിയിച്ചു. തെരഞ്ഞെടുപ്പ് പ്രക്രിയയുടെ നിർണായക ഘട്ടത്തിൽ തന്നെക്കുറിച്ച് രാഷ്ട്രീയ ലക്ഷ്യത്തോടെ വ്യാജപ്രചാരണം നടത്തുകയും അത് വീടുകളിലേക്ക് വ്യാപകമായി എത്തിക്കുകയും ചെയ്തുവെന്ന് അദ്ദേഹം ആരോപിച്ചു.
താൻ ജാതി-മത ചിന്തകൾക്കതീതമായാണ് പൊതുപ്രവർത്തനം നടത്തുന്നതെന്നും, വ്യക്തികളെ അവരുടെ പ്രവർത്തനങ്ങളുടെയും മൂല്യങ്ങളുടെയും അടിസ്ഥാനത്തിൽ മാത്രം വിലയിരുത്തണമെന്നും ഗിരീഷ് നെയ്യാർ പ്രസ്താവനയിൽ വ്യക്തമാക്കി. ജാതിയുടെ അടിസ്ഥാനത്തിലുള്ള ഇത്തരം പ്രചാരണങ്ങൾ ജനാധിപത്യ മൂല്യങ്ങൾക്കും തെരഞ്ഞെടുപ്പ് നിഷ്പക്ഷതയ്ക്കും വിരുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തെറ്റായ വിവരങ്ങൾ ശ്രദ്ധയിൽപ്പെടുത്തിയിട്ടും അത് തിരുത്താനോ ഖേദം പ്രകടിപ്പിക്കാനോ തയ്യാറാകാത്തത് മാധ്യമധർമ്മത്തിന്റെ ലംഘനമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സത്യത്തിനും പൊതുജനവിശ്വാസത്തിനുമപ്പുറം വാണിജ്യ-രാഷ്ട്രീയ താൽപര്യങ്ങൾ സ്ഥാപിക്കാനുള്ള നീക്കങ്ങൾ നിയമപരമായും ജനാധിപത്യപരമായും ചോദ്യം ചെയ്യപ്പെടേണ്ടതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇത് വ്യക്തിപരമായ വിഷയമല്ലെന്നും തെരഞ്ഞെടുപ്പ് സമയത്ത് സ്ഥാനാർത്ഥികളെക്കുറിച്ച് വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നത് ജനാധിപത്യ തത്വങ്ങൾക്കെതിരായ ഗുരുതരമായ വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു. സത്യത്തിനും നീതിക്കും മാധ്യമ ഉത്തരവാദിത്വത്തിനും വേണ്ടിയുള്ള ഈ നിയമപോരാട്ടത്തിന് ജനാധിപത്യ വിശ്വാസികളുടെ പിന്തുണ അദ്ദേഹം അഭ്യർത്ഥിച്ചു.