തൊടുപുഴ: ആനക്കര സർക്കാർ സ്കൂളിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിയെ അധ്യാപകൻ ക്രൂരമായി മർദ്ദിച്ചതായി പരാതി. സഹപാഠികളുടെ മുന്നിൽ വെച്ച് ചൂരൽ ഉപയോഗിച്ച് മർദ്ദിക്കുകയും, മുട്ടിൽ നിർത്തി കാലിൽ ചവിട്ടുകയും ചെയ്തുവെന്നാണ് വിദ്യാർത്ഥിയുടെ ആരോപണം. മർദ്ദനത്തിനിടെ അധ്യാപകൻ അസഭ്യം പറഞ്ഞതായും കുട്ടി നൽകിയ പരാതിയിൽ പറയുന്നു.
ശരീരമാസകലം വേദന അനുഭവപ്പെടുന്നതായും കമ്പ് കൊണ്ട് നിരവധി തവണ മർദ്ദിച്ചതായും കുട്ടി വെളിപ്പെടുത്തി. സംഭവത്തിൽ മാതാവ് ഉൾപ്പെടെയുള്ളവർ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. തന്റെ കുഞ്ഞിന് സംഭവിച്ചതുപോലെ മറ്റൊരു കുട്ടിക്കും ഇത്തരം ദുരനുഭവങ്ങൾ ഉണ്ടാകരുത് എന്ന് മാതാവ് കണ്ണീരോടെ പ്രതികരിച്ചു.
പരിക്കേറ്റ വിദ്യാർത്ഥിയെ വണ്ടന്മേട് സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വണ്ടന്മേട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സഹപാഠികളുടെ മൊഴി രേഖപ്പെടുത്താനാണ് പോലീസിന്റെ തീരുമാനം. സംഭവത്തിൽ അടിയന്തര അന്വേഷണം നടത്തിവരികയാണെന്ന് സ്കൂൾ അധികൃതരും വ്യക്തമാക്കി.