ന്യൂഡൽഹി: ഇന്ത്യയുടെ വസ്ത്ര-തുണിത്തര കയറ്റുമതി മേഖലയിൽ വിപ്ലവകരമായ കുതിപ്പിന് തുടക്കമിട്ട് കേന്ദ്ര ടെക്സ്റ്റൈൽസ് മന്ത്രാലയം. 2030-ഓടെ രാജ്യത്തിന്റെ തുണിത്തര കയറ്റുമതി 100 ബില്യൺ ഡോളർ (ഏകദേശം 9.47 ലക്ഷം കോടി രൂപ) എന്ന ഉയരത്തിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിപുലമായ പദ്ധതികൾക്ക് മന്ത്രാലയം രൂപം നൽകിയിരിക്കുന്നത്. ആഗോള ടെക്സ്റ്റൈൽ വിപണിയിൽ ഇന്ത്യയുടെ സാന്നിധ്യം കൂടുതൽ ശക്തമാക്കുന്നതിനായി സംസ്ഥാനങ്ങളെയും വ്യവസായ രംഗത്തെ പ്രമുഖരെയും ഉൾപ്പെടുത്തി ഡൽഹിയിൽ രണ്ട് ദിവസത്തെ ഉച്ചകോടി സംഘടിപ്പിച്ചു.
തിരുപ്പൂർ, സൂററ്റ്, ലുധിയാന തുടങ്ങിയ രാജ്യത്തെ പ്രമുഖ ടെക്സ്റ്റൈൽ നിർമ്മാണ കേന്ദ്രങ്ങളെ കേന്ദ്രീകരിച്ചാണ് പ്രധാനമായും പദ്ധതികൾ ആവിഷ്കരിക്കുന്നത്. സാങ്കേതിക തുണിത്തരങ്ങൾ, മനുഷ്യനിർമ്മിത ഫൈബറുകൾ, ജിഐ-ടാഗ് ചെയ്ത ഉൽപ്പന്നങ്ങൾ എന്നിവയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് നീക്കം. രാജ്യത്തെ 36 സംസ്ഥാനങ്ങളിലും 200 ജില്ലകളിലും നടന്ന വിപുലമായ കൂടിയാലോചനകൾക്ക് ശേഷമാണ് ഓരോ പ്രദേശത്തിനും അനുയോജ്യമായ കയറ്റുമതി കർമ്മപദ്ധതികൾ ഉച്ചകോടിയിൽ രൂപപ്പെടുത്തിയത്.
സഹകരണ ഫെഡറലിസത്തിന് ഊന്നൽ നൽകിക്കൊണ്ട് ജില്ലാ തലത്തിൽ കയറ്റുമതി വളർച്ച ഉറപ്പാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് ടെക്സ്റ്റൈൽസ് മന്ത്രി ഗിരിരാജ് സിംഗ് വ്യക്തമാക്കി. ഉൽപ്പന്ന വൈവിധ്യവൽക്കരണം, മൂല്യവർദ്ധനവ്, ആഗോളനിലവാരമുള്ള ബ്രാൻഡഡ് ഉൽപ്പന്നങ്ങളുടെ നിർമ്മാണം, സുസ്ഥിരത, നൈപുണ്യ വികസനം എന്നിവ കയറ്റുമതി ലക്ഷ്യം കൈവരിക്കുന്നതിൽ നിർണ്ണായകമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഉച്ചകോടിയിൽ ഉയർന്നുവന്ന ശുപാർശകൾ ഉൾപ്പെടുത്തി ‘നാഷണൽ ടെക്സ്റ്റൈൽ എക്സ്പോർട്ട് റോഡ്മാപ്പ് 2030’ തയ്യാറാക്കും. കാബിനറ്റ് സെക്രട്ടേറിയറ്റിന്റെ മേൽനോട്ടത്തിൽ നടപ്പിലാക്കുന്ന ഈ സംരംഭം, വരും വർഷങ്ങളിൽ ടെക്സ്റ്റൈൽ മൂല്യ ശൃംഖലയെ ശക്തിപ്പെടുത്തുന്നതിനും രാജ്യാന്തര വ്യാപാര കരാറുകൾ പ്രയോജനപ്പെടുത്തി പുതിയ വിപണികളിലേക്ക് ചുവടുറപ്പിക്കാനും ഇന്ത്യയെ സഹായിക്കും.