ഹിമാചൽ പ്രദേശ്: തകരാറുള്ള ടാറ്റ ഹാരിയർ വിറ്റ സംഭവത്തിൽ ഉപഭോക്താവിന് 21.4 ലക്ഷം രൂപ തിരികെ നൽകാനോ പകരം പുതിയ വാഹനം നൽകാനോ ഉപഭോക്തൃ കമ്മീഷൻ ഉത്തരവിട്ടു. വാഹനത്തിന്റെ വിലയായ 21.4 ലക്ഷം രൂപയ്ക്ക് പുറമെ, പലിശയും ഒരു ലക്ഷം രൂപ നഷ്ടപരിഹാരവും നിയമനടപടികൾക്കുള്ള ചെലവും നൽകണമെന്നാണ് കമ്മീഷന്റെ നിർദ്ദേശം. വാഹനത്തിൽ ഗുരുതരമായ നിർമ്മാണ തകരാറുകൾ ഉണ്ടായിരുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് കമ്മീഷൻ ഇത്തരമൊരു സുപ്രധാന വിധി പുറപ്പെടുവിച്ചത്.
പാലംപൂർ സ്വദേശിയായ കൃഷൻ ലാൽ കപുർ 2022 മെയ് 10-നാണ് ജെകെആർ മോട്ടോഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ഡീലറിൽ നിന്ന് ഹാരിയർ XZA+ ഡാർക്ക് എഡിഷൻ വാഹനം വാങ്ങിയത്. വാഹനം വാങ്ങി ആദ്യ 1,000 കിലോമീറ്ററിനുള്ളിൽ തന്നെ സ്റ്റിയറിംഗിൽ നിന്ന് അസ്വാഭാവിക ശബ്ദവും വൈബ്രേഷനും അനുഭവപ്പെട്ടു തുടങ്ങിയിരുന്നു. വാറന്റി കാലാവധിക്കുള്ളിൽ തന്നെ അംഗീകൃത ഡീലർഷിപ്പിൽ എത്തിച്ച് സ്റ്റിയറിംഗ് അസംബ്ലി യൂണിറ്റ് മാറ്റിസ്ഥാപിച്ചെങ്കിലും പ്രശ്നം പരിഹരിക്കപ്പെട്ടില്ല. തുടർന്ന് 26,000 കിലോമീറ്റർ ഓടുന്നതിനിടയിൽ ഒന്നിലധികം തവണ സമാനമായ തകരാറുകൾ ആവർത്തിച്ചു.
സ്റ്റിയറിംഗിന് പുറമെ വാഹനത്തിന്റെ എഞ്ചിന്റെ നിർണ്ണായക ഭാഗമായ ടൈമിംഗ് ബെൽറ്റിലും ഗുരുതരമായ തകരാറുകൾ കണ്ടെത്തിയിരുന്നു. ടൈമിംഗ് ബെൽറ്റ് തകരാറിലാകുന്നത് വാഹനത്തിന്റെ സുരക്ഷയെ അപകടത്തിലാക്കുമെന്നും, എഞ്ചിൻ പെട്ടെന്ന് ഓഫാകാനും ആന്തരിക ഭാഗങ്ങൾക്ക് കേടുപാടുകൾ സംഭവിക്കാനും കാരണമാകുമെന്നും കോടതി നിരീക്ഷിച്ചു. ഈ അപാകതകൾ പരിഹരിക്കാൻ സർവീസിംഗിലൂടെ സാധിക്കാതെ വന്നതോടെയാണ് ഉപഭോക്താവ് നിയമപരമായി നഷ്ടപരിഹാരം തേടിയത്. നിർമ്മാണത്തിലെ അപാകതകൾ തെളിഞ്ഞ സാഹചര്യത്തിലാണ് കമ്മീഷൻ ഉപഭോക്താവിന് അനുകൂലമായ വിധി പുറപ്പെടുവിച്ചത്.