തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ പി.എം.ശ്രീ (PM SHRI) പദ്ധതി നടപ്പിലാക്കാൻ കേരള സർക്കാർ തീരുമാനിച്ചതിനെ സ്വാഗതം ചെയ്യുന്നതായി എബിവിപി സംസ്ഥാന സെക്രട്ടറി യദു കൃഷ്ണൻ അറിയിച്ചു. കേരളത്തിലെ വിദ്യാർത്ഥികൾക്ക് മികച്ച വിദ്യാഭ്യാസ സൗകര്യങ്ങളും വികസന അവസരങ്ങളും ലഭ്യമാക്കുന്ന ഈ പദ്ധതിക്കായി എബിവിപി ദീർഘകാലമായി ശക്തമായ പോരാട്ടമാണ് നടത്തിവന്നത്. പദ്ധതി നടപ്പിലാക്കുന്നതിനായി സർക്കാരിന് മേൽ തുടർച്ചയായി സമ്മർദ്ദം ചെലുത്തുകയും പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തിരുന്നു.
വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയർത്തുക, ആധുനിക അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുക, സാങ്കേതിക വിദ്യയുടെ സഹായത്തോടെ പഠനാന്തരീക്ഷം മെച്ചപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പി.എം.ശ്രീ പദ്ധതി നടപ്പിലാക്കുന്നത്. മറ്റ് വിദ്യാർത്ഥി സംഘടനകൾ പദ്ധതിയെ എതിർത്തപ്പോൾ, വിദ്യാർത്ഥികളുടെ ഭാവിയും പുരോഗതിയും മുൻനിർത്തി പദ്ധതി നടപ്പിലാക്കണമെന്ന നിലപാടിൽ എബിവിപി ഉറച്ചുനിന്നു. സമരങ്ങളുടെ ഭാഗമായി നിരവധി പ്രവർത്തകർക്ക് പോലീസ് നടപടികൾ നേരിടേണ്ടി വരികയും ജയിൽവാസം അനുഭവിക്കേണ്ടി വരികയും ചെയ്തിരുന്നു. യാഥാർത്ഥ്യബോധത്തോടെ സർക്കാർ കൈക്കൊണ്ട ഈ തീരുമാനം സംസ്ഥാനത്തെ വിദ്യാഭ്യാസ രംഗത്ത് കൂടുതൽ കേന്ദ്ര-സംസ്ഥാന സഹകരണത്തിന് വഴിയൊരുക്കുമെന്ന് എബിവിപി കരുതുന്നു.
പി.എം.ശ്രീ പദ്ധതിയെക്കുറിച്ച് അനാവശ്യ ഭീതിയും തെറ്റായ പ്രചാരണങ്ങളും നടത്തി വിദ്യാർത്ഥികളുടെ അവസരങ്ങൾ നിഷേധിക്കാൻ ശ്രമിച്ചവർ ആത്മപരിശോധന നടത്തണമെന്ന് യദു കൃഷ്ണൻ പ്രസ്താവനയിൽ വ്യക്തമാക്കി. വിദ്യാർത്ഥികളുടെ ക്ഷേമത്തിനും വിദ്യാഭ്യാസ പുരോഗതിക്കും ഉതകുന്ന ഏത് പദ്ധതികളെയും രാഷ്ട്രീയ ഭിന്നതകൾക്ക് അതീതമായി പിന്തുണയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ തീരുമാനം കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് മുതൽക്കൂട്ടാകുമെന്നാണ് സംഘടനയുടെ വിലയിരുത്തൽ.