ചെന്നൈ: സീറ്റ് ബെൽറ്റ് ധരിക്കാതെ കാറോടിക്കുന്ന തമിഴക വെട്രി കഴകം (TVK) അധ്യക്ഷൻ വിജയ്യുടെ വീഡിയോ സോഷ്യൽ മീഡിയയിൽ കനത്ത വിവാദത്തിന് വഴിയൊരുക്കുന്നു. കർണാടകയിൽ വെച്ച് ചിത്രീകരിച്ച ദൃശ്യങ്ങളാണ് ഇപ്പോൾ വലിയ ചർച്ചകൾക്ക് കാരണമായിരിക്കുന്നത്. നിയമലംഘനം വെളിവാകുന്ന വീഡിയോ ശ്രദ്ധയിൽപ്പെട്ടതോടെ, അത് സമൂഹമാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്യാനുള്ള തിരക്കിട്ട ശ്രമങ്ങളിലാണ് പാർട്ടിയും അനുഭാവികളും.
കഴിഞ്ഞയാഴ്ച കർണാടകയിലെ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷം മടങ്ങുന്നതിനിടെയാണ് സംഭവം. വിജയ് തന്നെ വാഹനം ഓടിക്കുന്ന ദൃശ്യങ്ങൾ കാറിലുണ്ടായിരുന്ന ആരോ പകർത്തി ‘സ്റ്റൈലിഷ് ഡ്രൈവിംഗ്’ എന്ന പേരിൽ പ്രചരിപ്പിക്കുകയായിരുന്നു. വാഹനമോടിക്കുമ്പോൾ സീറ്റ് ബെൽറ്റ് ധരിക്കാത്തതും, കാറിനുള്ളിലെ പ്ലാസ്റ്റിക് ടംബ്ലറിന്റെ സാന്നിധ്യവും പരിസ്ഥിതി സൗഹൃദ നിലപാടുകൾക്ക് വിരുദ്ധമാണെന്ന രീതിയിൽ വലിയ വിമർശനം ഉയർന്നിട്ടുണ്ട്. വീഡിയോ വൈറലായതോടെ, അണികൾ ആരും ഇത് പങ്കുവെക്കരുതെന്ന് പാർട്ടി നേതൃത്വം കർശന നിർദേശം നൽകി.
ഇതിനിടയിൽ, വീഡിയോ ഉപയോഗിച്ച് വിമർശനം ഉന്നയിച്ച പ്രതിപക്ഷ കക്ഷികളുടെയും വിമർശകരുടെയും സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കെതിരെ വ്യാപകമായ പരാതികൾ ഉയർന്നിട്ടുണ്ട്. ഒരു സ്വകാര്യ പരസ്യ ഏജൻസി വഴി പകർപ്പവകാശ (Copyright) ലംഘനം ഉന്നയിച്ച് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പരാതി നൽകി പോസ്റ്റുകൾ നീക്കം ചെയ്യാനാണ് നീക്കം നടക്കുന്നത്. എന്നാൽ, മുഖ്യമന്ത്രി പദവി ലക്ഷ്യമിടുന്ന ഒരാൾ പരസ്യമായി ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്നത് ചോദ്യം ചെയ്തതിനെ ഭയക്കുന്നതെന്തിനാണെന്ന് പ്രതിപക്ഷ പാർട്ടികൾ ചോദിക്കുന്നു. സംഭവത്തിലെ കൂടുതൽ വിവരങ്ങൾ പുറത്തുവരണമെന്ന ആവശ്യവും ശക്തമാണ്.