ചെന്നൈ: തമിഴ്നാട്ടിലെ സഹകരണ ബാങ്കുകളിൽ നിന്ന് കർഷകർ എടുത്ത 75,000 രൂപ വരെയുള്ള വിള വായ്പകൾ പൂർണ്ണമായും എഴുതിത്തള്ളാൻ സർക്കാർ തീരുമാനിച്ചു. കർഷക സംഘടനകളുടെയും വിവിധ രാഷ്ട്രീയ പാർട്ടികളുടെയും ശക്തമായ ആവശ്യത്തെത്തുടർന്ന് മുഖ്യമന്ത്രി വിജയ് ആണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
നേരത്തെ മെയ് 25-ന് 50,000 രൂപ വരെയുള്ള വിള വായ്പകൾ എഴുതിത്തള്ളാൻ സർക്കാർ ഉത്തരവിട്ടിരുന്നു. ഈ ആനുകൂല്യമാണ് ഇപ്പോൾ 75,000 രൂപയായി ഉയർത്തിയത്. ഇതുപ്രകാരം 75,000 രൂപയിൽ കൂടുതൽ വായ്പ തുകയുള്ള കർഷകർക്ക് 35,000 രൂപ വീതം ഇളവ് നൽകാനും പുതിയ ഉത്തരവിൽ വ്യവസ്ഥയുണ്ട്. കഴിഞ്ഞ വർഷം മെയ് 1 മുതൽ ഈ വർഷം ഫെബ്രുവരി 28 വരെയുള്ള കാലയളവിൽ സഹകരണ ബാങ്കുകളെ ആശ്രയിച്ച 14,43,504 കർഷകർക്കാണ് ഈ പദ്ധതിയുടെ നേരിട്ടുള്ള പ്രയോജനം ലഭിക്കുക.
ഈ വൻകിട വായ്പ എഴുതിത്തള്ളലിലൂടെ സംസ്ഥാന സർക്കാരിന് 5,932.23 കോടി രൂപയുടെ അധിക ബാധ്യതയാണ് ഉണ്ടാവുക. ഇതിൽ 75,000 രൂപ വരെയുള്ള വായ്പകൾ വഴി 6.22 ലക്ഷത്തിലധികം കർഷകർക്കും, നിശ്ചിത തുകയിൽ കൂടുതൽ വായ്പയുള്ള 8.21 ലക്ഷം കർഷകർക്ക് ഇളവ് ലഭിക്കുന്നതിലൂടെയും വലിയ ആശ്വാസമാണ് ലഭിക്കുന്നത്. തമിഴക വെട്രി കഴകത്തിന്റെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ പാലിക്കണമെന്ന കർഷകരുടെ തുടർച്ചയായ പ്രതിഷേധങ്ങൾ കൂടി കണക്കിലെടുത്താണ് സർക്കാർ ആനുകൂല്യങ്ങൾ വർദ്ധിപ്പിച്ചത്.