ന്യൂഡല്‍ഹി: രാജ്യാന്തര ലഹരി വിപണിയില്‍ വന്‍ പ്രിയമുള്ള ‘കാപ്റ്റഗണ്‍’ ഗുളികകളുടെ വന്‍ ശേഖരം ഇന്ത്യയില്‍ ആദ്യമായി പിടികൂടി. ‘ഓപ്പറേഷന് രേജ് പില്’ എന്ന് പേരിട്ട മിന്നല്‍ പരിശോധനയിലൂടെ ഏകദേശം 182 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്നാണ് നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോ പിടിച്ചെടുത്തത്. രാജ്യത്തെ ലഹരിമുക്തമാക്കാനുള്ള നീക്കത്തിലെ നിര്‍ണ്ണായക ചുവടുവെപ്പാണിതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കി.
രഹസ്യവിവരത്തെത്തുടര്‍ന്ന് നടത്തിയ നീക്കത്തില്‍ 227.7 കിലോഗ്രാം കാപ്റ്റഗണ്‍ ഗുളികകളും പൊടിയുമാണ് കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഒരു സിറിയന്‍ പൗരനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മിഡില്‍ ഈസ്റ്റ് രാജ്യങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വലിയൊരു കടത്ത് ശൃംഖലയുടെ ഭാഗമാണിതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇന്ത്യയെ ഒരു ഇടനാഴിയായി ഉപയോഗിച്ച് മറ്റ് വിദേശ രാജ്യങ്ങളിലേക്ക് ലഹരി എത്തിക്കാനായിരുന്നു സംഘത്തിന്റെ നീക്കം.
ഭീകരസംഘടനകള്‍ക്കും സായുധ സംഘങ്ങള്‍ക്കും ഫണ്ട് കണ്ടെത്താനുള്ള പ്രധാന മാര്‍ഗ്ഗമായി കാപ്റ്റഗണ്‍ വ്യാപാരത്തെ അന്താരാഷ്ട്ര ഏജന്‍സികള്‍ കാണുന്നതിനാലാണ് ഇതിനെ ‘ജിഹാദി മയക്കുമരുന്ന്’ എന്ന് വിളിക്കുന്നത്. 1960-കളില്‍ കുട്ടികളിലെ ശ്രദ്ധാ വൈകല്യങ്ങള്‍ക്കും മറ്റും ചികിത്സയായി വികസിപ്പിച്ച ഫെനെത്തിലൈന്‍ ആണിതിന്റെ അടിസ്ഥാനം. പില്ക്കാലത്ത് ആസക്തി വര്‍ദ്ധിപ്പിക്കുന്നതിനാല്‍ ഇത് നിരോധിച്ചു. പിടികൂടിയ സിറിയന്‍ പൗരന്റെ ഹവാല ബന്ധങ്ങളെക്കുറിച്ചും ഇയാള്‍ക്ക് ഇന്ത്യയിലുള്ള പ്രാദേശിക സഹായങ്ങളെക്കുറിച്ചും എന്‍സിബി വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ലഹരിക്കടത്തുകാര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത ‘സീറോ ടോളറന്‍സ്’ നയമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് ഈ ഓപ്പറേഷനിലൂടെ ഒരിക്കല്‍ കൂടി വ്യക്തമായിരിക്കുകയാണ്.