ന്യൂഡൽഹി: കാർഗിൽ മലനിരകളിൽ പാകിസ്താനെതിരെ ഇന്ത്യ കൈവരിച്ച ചരിത്രവിജയത്തിന്റെ ഓർമ്മകൾ പുതുക്കി രാജ്യം ഇന്ന് കാർഗിൽ വിജയ് ദിവസ് ആചരിക്കുന്നു. മാതൃഭൂമിയുടെ അതിർത്തികൾ കാക്കുന്നതിനിടയിൽ സ്വന്തം ജീവൻ ബലിയർപ്പിച്ച 527 ധീരജവാന്മാർക്ക് രാജ്യം ഇന്ന് പ്രണാമം അർപ്പിക്കുന്നു. 1999-ൽ പാക് സൈന്യം രഹസ്യമായി ഇന്ത്യൻ അതിർത്തിക്കുള്ളിൽ കടന്നുകയറി തന്ത്രപ്രധാനമായ കാർഗിൽ മലനിരകൾ കൈയടക്കാൻ ശ്രമിച്ചതോടെയാണ് സംഘർഷം ആരംഭിച്ചത്. സിയാചിനിലേക്കുള്ള നിർണായകമായ ശ്രീനഗർ-കാർഗിൽ-ലേ ദേശീയപാത ലക്ഷ്യമിട്ടായിരുന്നു പാകിസ്താന്റെ ഈ നീക്കം.
ബടാലിക് മേഖലയിലെ മലമുകളിൽ അസാധാരണമായ ആളനക്കം ശ്രദ്ധയിൽപ്പെട്ട പ്രദേശത്തെ ഇടയന്മാർ വിവരം സൈന്യത്തെ അറിയിച്ചതോടെയാണ് പാക് നുഴഞ്ഞുകയറ്റം പുറത്തറിയുന്നത്. ശൈത്യകാലത്ത് ചില ഉയർന്ന പോസ്റ്റുകളിൽ നിന്ന് ഇന്ത്യൻ സൈന്യം താൽക്കാലികമായി പിൻമാറിയ സാഹചര്യം മുതലെടുത്തായിരുന്നു പാകിസ്താന്റെ കടന്നുകയറ്റം. തുടർന്ന് ‘ഓപ്പറേഷൻ വിജയ്’ എന്ന പേരിൽ ഇന്ത്യൻ സൈന്യം ശക്തമായ പ്രത്യാക്രമണം ആരംഭിച്ചു. 16,000 മുതൽ 18,000 അടി വരെ ഉയരമുള്ള മഞ്ഞുമലകളിൽ നടന്ന അതിദുഷ്കരമായ പോരാട്ടം 60 ദിവസത്തിലേറെ നീണ്ടുനിന്നു. ഒടുവിൽ പാക് സൈന്യത്തെയും നുഴഞ്ഞുകയറ്റക്കാരെയും തുരത്തി ഇന്ത്യൻ സൈന്യം കാർഗിൽ കൊടുമുടികളിൽ വീണ്ടും ത്രിവർണ പതാക ഉയർത്തി.
1999 ജൂലൈ 14-ന് ഇന്ത്യ വിജയം കൈവരിച്ചതായി അന്നത്തെ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയി പ്രഖ്യാപിച്ചു. തുടർന്ന് ജൂലൈ 26-ന് യുദ്ധം പൂർണമായി അവസാനിച്ചതായി ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇതിന്റെ സ്മരണാർത്ഥമാണ് എല്ലാ വർഷവും ജൂലൈ 26 കാർഗിൽ വിജയ് ദിവസമായി ആചരിക്കുന്നത്. ദ്രാസിലെ യുദ്ധസ്മാരകത്തിൽ നടക്കുന്ന ‘ശ്രദ്ധാഞ്ജലി സമാരോഹ്’ ചടങ്ങിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിങ് പങ്കെടുക്കും. വീരമൃത്യു വരിച്ച സൈനികർക്ക് പുഷ്പചക്രം അർപ്പിക്കുന്നതിനൊപ്പം, കാർഗിൽ യുദ്ധത്തിന്റെ വീരകഥകൾ വിവരിക്കുന്ന ‘ഗൗരവ് ഗാഥ’ അവതരണവും യുദ്ധസ്മാരകത്തിന്റെ വെർച്വൽ വാക്ക്ത്രൂ പോർട്ടലിന്റെ ഉദ്ഘാടനവും ഇന്ന് നടക്കും.