കൊച്ചി: സി.എം.ആർ.എൽ-എക്സാലോജിക് പണമിടപാട് കേസുമായി ബന്ധപ്പെട്ട് പിണറായി വിജയനെ ചോദ്യം ചെയ്യുന്നതിനുള്ള നടപടികളിലേക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) നീങ്ങുന്നതായി റിപ്പോർട്ടുകൾ. കേസിലെ പ്രതിയായ ടി. വീണയുടെയും എക്സാലോജിക് കമ്പനിയുടെയും സ്വത്തുക്കൾ കണ്ടുകെട്ടുന്നതിനുള്ള നടപടികളുടെ ഭാഗമായി ഡൽഹിയിലെ ഇ.ഡി. അഡ്ജുഡിക്കേറ്റിങ് അതോറിറ്റിക്ക് സമർപ്പിച്ച റിപ്പോർട്ടിലാണ് ഇതുസംബന്ധിച്ച സൂചനകളുള്ളത്.
കൊച്ചി ഇ.ഡി. ഓഫീസ് സമർപ്പിച്ച ഈ റിപ്പോർട്ടിൽ, സി.എം.ആർ.എൽ മാനേജിംഗ് ഡയറക്ടർ എസ്.എൻ. ശശിധരൻ കർത്ത 2024 ഏപ്രിൽ 17-ന് നൽകിയ മൊഴിയും ഉൾപ്പെടുത്തിയിട്ടുണ്ട്. പിണറായി വിജയനുമായുള്ള വ്യക്തിബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് എക്സാലോജിക്കിനും ടി. വീണയ്ക്കും പണം നൽകിയതെന്നാണ് കർത്തയുടെ മൊഴിയിൽ പറയുന്നത്. യാതൊരുവിധ എന്റർപ്രൈസ് റിസോഴ്സ് പ്ലാനിങ് സേവനങ്ങളും ലഭിക്കാതെയാണ് പണം കൈമാറിയതെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഐ.ടി. സേവനങ്ങൾ നൽകാതെയാണ് 2.78 കോടി രൂപ കൈപ്പറ്റിയതെന്ന് ടി. വീണ ഇ.ഡിയോട് സമ്മതിച്ചിട്ടുമുണ്ട്. ശശിധരൻ കർത്തയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരിക്കും പിണറായി വിജയനെ ചോദ്യം ചെയ്യുകയെന്നാണ് വിവരം.
കഴിഞ്ഞ ആഴ്ച ഇ.ഡി. സ്പെഷ്യൽ ഡയറക്ടർ പ്രശാന്ത് കുമാർ കൊച്ചിയിലെത്തി കേസ് അവലോകനം ചെയ്തിരുന്നു. ഇക്കാലയളവിൽ പിണറായി വിജയനെ ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളും ചർച്ചയായെന്നാണ് സൂചന. ഇ.ഡി. ഡയറക്ടർ രാഹുൽ നവീന്റെ അന്തിമ അനുമതി ലഭിച്ചശേഷമായിരിക്കും തുടർനടപടികൾ ആരംഭിക്കുക. 2019 ജനുവരി 25-ന് ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിൽ, സേവനങ്ങളൊന്നും നൽകാതെ സി.എം.ആർ.എൽ എക്സാലോജിക്കിന് 1.72 കോടി രൂപ നൽകിയതായി കണ്ടെത്തിയിരുന്നു. വിവിധ കരാറുകളിലൂടെ ആകെ 2.78 കോടി രൂപ ടി. വീണയ്ക്കും കമ്പനിക്കും ലഭിച്ചതായി റിപ്പോർട്ടിൽ പരാമർശമുണ്ട്. എന്നാൽ, ശശിധരൻ കർത്തയുടെ പേരിൽ പ്രചരിക്കുന്ന മൊഴി മാധ്യമസൃഷ്ടിയാണെന്നാണ് പിണറായി വിജയൻ കഴിഞ്ഞ ദിവസം പ്രതികരിച്ചത്.