വാഷിങ്ടൺ: ഇറാനുമായുള്ള സംഘർഷം തുടരുന്നതിനിടെ, ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട സമുദ്ര വ്യാപാര പാതകളിലൊന്നായ ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം അമേരിക്ക ഏറ്റെടുക്കണമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആവശ്യപ്പെട്ടു. കടലിടുക്കിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ചെലവിലേക്ക് തുക പ്രതിഫലമായി ലഭിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. ഹോർമുസ് കടലിടുക്കിന്റെ സംരക്ഷകരായി (ഗാർഡിയൻ) തങ്ങൾ മാറുമെന്നും, ഇതിന്റെ നടത്തിപ്പ് ചുമതല കൂടി അമേരിക്ക ഏറ്റെടുക്കാൻ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആഗോള ഊർജ വിതരണ ശൃംഖലയിലെ ഏറ്റവും നിർണായകമായ ഈ സമുദ്രപാതയിലൂടെയാണ് ലോകത്തെ എണ്ണ-വാതക കയറ്റുമതിയുടെ ഏകദേശം അഞ്ചിലൊന്ന് ഭാഗവും കടന്നുപോകുന്നത്. ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണത്തെ ചൊല്ലി അമേരിക്കയും ഇറാനും തമ്മിലുള്ള തർക്കം ഇപ്പോൾ കൂടുതൽ രൂക്ഷമായിരിക്കുകയാണ്. കടലിടുക്കിന് മേൽ പൂർണ്ണാധികാരമുണ്ടെന്ന ഉറച്ച നിലപാടിലാണ് ഇറാൻ. എന്നാൽ, അന്താരാഷ്ട്ര സമുദ്രനിയമങ്ങൾ പാലിച്ച് വാണിജ്യക്കപ്പലുകളുടെ സുഗമവും സ്വതന്ത്രവുമായ സഞ്ചാരം ഉറപ്പാക്കണമെന്ന നിലപാടിൽ അമേരിക്ക ഉറച്ചുനിൽക്കുന്നു.
അമേരിക്കയും ഇറാനും തമ്മിലുള്ള ഈ പുതിയ വാഗ്വാദം അന്താരാഷ്ട്ര വിപണിയിൽ ആശങ്ക ഉയർത്തിയിട്ടുണ്ട്. ഹോർമുസ് കടലിടുക്ക് വഴിയുള്ള ചരക്കുനീക്കത്തിന് തടസ്സമുണ്ടാകുമെന്ന ഭീതി നിലനിൽക്കുന്നതിനാൽ, ആഗോള വിപണിയിൽ എണ്ണവില വീണ്ടും ഉയർന്നു. മേഖലയിലെ സംഘർഷാവസ്ഥ പരിഹരിക്കപ്പെടാത്തപക്ഷം ഊർജ വിതരണ ശൃംഖലയെ അത് കൂടുതൽ പ്രതികൂലമായി ബാധിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.