ടെല്‍ അവീവ്: ഹിസ്ബുള്ളയുടെ മുതിര്‍ന്ന കമാന്‍ഡറായ അബു ഹസന് അലായെ വ്യോമാക്രമണത്തിലൂടെ വധിച്ചതായി ഇസ്രയേല്‍ പ്രതിരോധ സേന (ഐ.ഡി.എഫ്.) അറിയിച്ചു. മേഖലയില്‍ ഐ.ഡി.എഫ്. സൈനികര്‍ക്കെതിരായ നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത് അലായെ ആയിരുന്നുവെന്ന് ജറുസലേം പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ ആക്രമണത്തില്‍ ഹിസ്ബുള്ളയുടെ ബറ്റാലിയന് കമാന്‍ഡര്‍ അലി സമീര്‍ അല്‍-ഹാജ് ഹസനും കൊല്ലപ്പെട്ടതായാണ് വിവരം.
തെക്കന്‍ ലബനനിലെ അന്‍സാര്‍ പ്രദേശത്തുള്ള ഹിസ്ബുള്ളയുടെ സൈനിക ആസ്ഥാനത്തിന് നേരെയായിരുന്നു ആക്രമണം. അതിര്‍ത്തിയിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഇസ്രയേലി സൈനികര്‍ക്ക് ഗുരുതരമായി പരിക്കേറ്റതിന് പിന്നാലെയാണ് ഇസ്രയേല്‍ തിരിച്ചടി നടത്തിയത്. അലി സമീര്‍ അല്‍-ഹാജ് ഹസന്റെ കുടുംബാംഗങ്ങള്‍ ആക്രമണസ്ഥലത്തുണ്ടായിരുന്നുവെന്ന കാര്യം അറിയില്ലായിരുന്നുവെന്ന് ഇസ്രയേല്‍ സൈന്യവും പ്രധാനമന്ത്രിയുടെ ഓഫീസും വ്യക്തമാക്കി. സാധാരണക്കാരെ മനുഷ്യകവചമാക്കി സൈനിക കേന്ദ്രങ്ങളില്‍ ഹിസ്ബുള്ള ഒളിപ്പിക്കുന്നുണ്ടെന്ന് ഇസ്രയേല്‍ ആരോപിച്ചു.
അതിര്‍ത്തിയിലെ സുരക്ഷാ സംവിധാനങ്ങള്‍ ഇസ്രയേല്‍ കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി, ഗാസ തീരത്ത് ഹമാസ് ചെറുബോട്ടുകള്‍ ഉപയോഗിച്ച് കടല്‍മാര്‍ഗം ആക്രമണം നടത്താന്‍ പദ്ധതിയിടുന്നതായി ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ‘അയണ്‍ വാള്’ എന്ന പേരില്‍ പുതിയ തീരദേശ പ്രതിരോധ സംവിധാനം ഇസ്രയേല്‍ നാവികസേന സജ്ജമാക്കി. അതേസമയം, ഇസ്രയേല്‍-ലബനന് അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ തുടരുന്നതിനിടെ, ശനിയാഴ്ച തെക്കന്‍ ലബനനിലുണ്ടായ ഇസ്രയേല്‍ ആക്രമണങ്ങളില്‍ സ്ത്രീകളും കുട്ടികളുമടക്കം കുറഞ്ഞത് 11 പേര് കൊല്ലപ്പെടുകയും 19 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ലബനന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.