ഷിംല: ഹിമാചൽ പ്രദേശിലുണ്ടായ ശക്തമായ മലയിടിച്ചിലിൽ ടാക്സി മണ്ണിനടിയിലായി 13 പേർ മരിച്ചു. ലാഹോൾ-സ്പിതി ജില്ലയിലെ ഉദയ്പുർ-പംഗി റോഡിൽ കാഡു നാളയ്ക്ക് സമീപമാണ് ദാരുണമായ അപകടം സംഭവിച്ചത്. അപകടസമയത്ത് ടാക്സിയിൽ 15 യാത്രക്കാരുണ്ടായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഒരാളെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബാക്കിയുള്ളവർക്കായി തിരച്ചിൽ തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.
യാത്രയ്ക്കിടെ ഓടിക്കൊണ്ടിരുന്ന ടാക്സിയുടെ മുകളിലേക്ക് മലയുടെ വലിയൊരു ഭാഗം പെട്ടെന്ന് ഇടിഞ്ഞുവീഴുകയായിരുന്നു. പാറക്കല്ലുകളും മണ്ണും വാഹനത്തിന് മുകളിലേക്ക് പതിച്ചതോടെ ടാക്സി പൂർണമായും മണ്ണിനടിയിലായി. യാത്രക്കാർക്ക് പുറത്തുകടക്കാൻ അവസരം ലഭിക്കും മുൻപേ വാഹനം മണ്ണിനടിയിലായെന്നാണ് പ്രാഥമിക നിഗമനം. പോലീസ് സംഘത്തിന്റെ നേതൃത്വത്തിൽ ദുരന്തമേഖലയിൽ രക്ഷാപ്രവർത്തനം ഊർജിതമായി നടക്കുന്നുണ്ട്.
മണ്ണിടിച്ചിലിനെത്തുടർന്ന് നേരത്തെ അടച്ചിട്ടിരുന്ന ഈ റോഡ് വെള്ളിയാഴ്ചയാണ് ഗതാഗതത്തിനായി വീണ്ടും തുറന്നുകൊടുത്തത്. റോഡ് അടച്ചിരുന്നതിനാൽ ടിൻഡിയിൽ കുടുങ്ങിക്കിടക്കുകയായിരുന്ന യാത്രാസംഘം പംഗി താഴ്വരയിലേക്ക് യാത്ര പുനരാരംഭിച്ചതിന് തൊട്ടുപിന്നാലെയാണ് ദുരന്തം സംഭവിച്ചത്. മരിച്ചവരും പരിക്കേറ്റവരും പംഗി താഴ്വരയിലേക്ക് പോകുകയായിരുന്നവരാണെന്നാണ് അധികൃതർ നൽകുന്ന വിവരം. ബാക്കിയുള്ളവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്.