വിശാഖപട്ടണം: രാജ്യത്തെ സ്വർണോൽപാദന രംഗത്ത് വലിയ മുന്നേറ്റത്തിനൊരുങ്ങി ആന്ധ്രപ്രദേശ്. പുതിയ ഖനന മേഖലകൾ കണ്ടെത്തിയതും സ്വകാര്യ നിക്ഷേപങ്ങൾക്ക് സർക്കാർ തലത്തിൽ നൽകുന്ന പ്രോത്സാഹനവും സംസ്ഥാനത്തെ ഇന്ത്യയിലെ പ്രധാന സ്വർണ ഉൽപാദന കേന്ദ്രമാക്കി മാറ്റുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. ഇതോടെ, സ്വർണത്തിനായി വിദേശ രാജ്യങ്ങളെ വൻതോതിൽ ആശ്രയിക്കുന്ന ഇന്ത്യയുടെ നിലപാടിൽ വലിയ മാറ്റമുണ്ടാകുമെന്ന് ഖനന-ഭൂഗർഭ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മുകേഷ് കുമാർ മീണ വ്യക്തമാക്കി.
കർണൂൽ ജില്ലയിലെ ജോന്നഗിരിയിൽ മാത്രം ഏകദേശം 50 ടൺ സ്വർണ നിക്ഷേപമുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതിനുപുറമെ രാമഗിരി, ജവ്വകുല, ചിഗുരുകുണ്ട തുടങ്ങിയ നാല് പ്രധാന മേഖലകളിലും സ്വർണ ഖനന സാധ്യതകൾ തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ മേഖലകളിലെ ഖനനാവകാശങ്ങൾ ഘട്ടംഘട്ടമായി ലേലം ചെയ്യുന്നതിനൊപ്പം ആവശ്യമായ അടിസ്ഥാന സൗകര്യ വികസനത്തിനും സർക്കാർ പ്രത്യേക പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ആദ്യത്തെ വലിയ സ്വകാര്യ സ്വർണ ഖനന പദ്ധതിയും ജോന്നഗിരിയിലാണ് പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. ജിയോമൈസൂർ സർവീസസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് 400 കോടിയിലധികം രൂപയുടെ നിക്ഷേപത്തോടെയാണ് 598 ഹെക്ടർ വിസ്തൃതിയുള്ള ഓപ്പൺ പിറ്റ് ഖനി വികസിപ്പിച്ചത്. അടുത്ത 15 വർഷക്കാലം പ്രതിവർഷം ഏകദേശം 1,000 കിലോഗ്രാം ശുദ്ധീകരിച്ച സ്വർണം ഇവിടെ നിന്ന് ഉൽപാദിപ്പിക്കാൻ കഴിയുമെന്നാണ് കമ്പനിയുടെ കണക്കുകൂട്ടൽ.
2000-ൽ കർണാടകയിലെ പ്രശസ്തമായ കോലാർ ഗോൾഡ് ഫീൽഡ്സ് പ്രവർത്തനം അവസാനിപ്പിച്ചത് രാജ്യത്തെ ആഭ്യന്തര സ്വർണ ഉൽപാദനത്തിന് വലിയ തിരിച്ചടിയായിരുന്നു. നിലവിൽ കർണാടകയിലെ സർക്കാർ ഉടമസ്ഥതയിലുള്ള ഹട്ടി ഗോൾഡ് മൈൻസ് വർഷത്തിൽ ഏകദേശം 1.5 ടൺ സ്വർണം മാത്രമാണ് ഉൽപാദിപ്പിക്കുന്നത്. ഇന്ത്യയുടെ വാർഷിക സ്വർണ ഉപഭോഗം 800 ടണ്ണിലധികമായ സാഹചര്യത്തിൽ, ആഭ്യന്തര ഖനനം ശക്തിപ്പെടുത്തുന്നത് വിദേശനാണ്യ ചെലവ് കുറയ്ക്കാൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ. ആധുനിക ഖനന സാങ്കേതികവിദ്യകളായ കാർബൺ-ഇൻ-ലീച്ച് പോലുള്ളവ ഉപയോഗിച്ച് കടുപ്പമേറിയ പാറകളിൽ നിന്നും കാര്യക്ഷമമായി സ്വർണം വേർതിരിച്ചെടുക്കാൻ സാധിച്ചാൽ, രാജ്യത്തിന്റെ ധാതു സ്വയംപര്യാപ്തതയിൽ ആന്ധ്രപ്രദേശ് വരുംകാലങ്ങളിൽ നിർണായക പങ്ക് വഹിക്കും.