ഗുരുവായൂർ: മിൽമയുടെ സ്വാതന്ത്ര്യദിന സമ്മാനം എന്ന പേരിൽ വാട്സ്ആപ്പിൽ പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്ന് അധികൃതർ അറിയിച്ചു. ഇത്തരത്തിൽ പ്രചരിക്കുന്ന സന്ദേശങ്ങളോ ലിങ്കുകളോ വിശ്വസിക്കരുതെന്നും പൊതുജനങ്ങൾ കബളിക്കപ്പെടാതിരിക്കാൻ അതീവ ജാഗ്രത പാലിക്കണമെന്നും മിൽമ കർശന നിർദേശം നൽകി.
ഇത്തരം വ്യാജ പ്രചാരണങ്ങൾക്കെതിരെ മിൽമ തങ്ങളുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 46 വർഷത്തെ പാരമ്പര്യമുള്ള മിൽമയുടെ വിശ്വാസ്യതയ്ക്കും പ്രശസ്തിക്കും കളങ്കമുണ്ടാക്കുന്ന രീതിയിൽ തെറ്റിദ്ധാരണ പരത്തുന്ന ഇത്തരം സന്ദേശങ്ങളും ലിങ്കുകളും സാമൂഹ്യ മാധ്യമങ്ങളിൽ നിന്നും നീക്കം ചെയ്യുമെന്ന് അധികൃതർ വ്യക്തമാക്കി. ഇതിനായി നിയമനടപടികൾ ആരംഭിച്ചതായും ഇതുസംബന്ധിച്ച പരാതി പോലീസിന് കൈമാറിയതായും മിൽമ അറിയിച്ചു.
നേരത്തെയും സമാനമായ തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഏതാനും മാസങ്ങൾക്ക് മുൻപ് ‘മിൽമ വാർഷികാഘോഷ സമ്മാനം’ എന്ന പേരിൽ വ്യാജ ലിങ്കുകൾ വാട്സ്ആപ്പ് ഗ്രൂപ്പുകൾ കേന്ദ്രീകരിച്ച് പ്രചരിച്ചിരുന്നു. അന്ന് മിൽമ സ്വീകരിച്ച ശക്തമായ നിയമനടപടികളെ തുടർന്നാണ് അത്തരം പ്രചാരണങ്ങൾ അവസാനിപ്പിക്കാൻ സാധിച്ചത്. ഇനിയും ഇത്തരം വ്യാജസന്ദേശങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അവ അവഗണിക്കണമെന്നും റിപ്പോർട്ട് ചെയ്യണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.