ഗാങ്ടോക്: സിക്കിമിലെ നാംചി ജില്ലയില്‍ നിര്‍മാണത്തിലിരുന്ന ടണലില്‍ മീഥേന്‍ വാതക സ്ഫോടനത്തെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ ഏഴ് തൊഴിലാളികള്‍ മരിക്കുകയും 27-ലധികം പേര് കുടുങ്ങുകയും ചെയ്തു. എൻഎച്ച്പിസിയുടെ തീസ്ത സ്റ്റേജ്-6 ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി പട്ടേല്‍ എന്‍ജിനീയറിങ് നിര്‍മിച്ചുകൊണ്ടിരുന്ന അഡിറ്റ് ടണലിലാണ് അപകടം സംഭവിച്ചത്. സംഭവസ്ഥലത്ത് ദേശീയ ദുരന്തനിവാരണ സേന (NDRF), സംസ്ഥാന ദുരന്തനിവാരണ സേന (SDRF), പൊലീസ്, അഗ്നിരക്ഷാസേന എന്നിവയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
ടണലിനുള്ളില്‍ ഏകദേശം 1.5 കിലോമീറ്റര്‍ അകലെയായി മീഥേന്‍ വാതകം അടിഞ്ഞുകൂടിയിരുന്നു. ഇത് പുറത്തുവിടാനുള്ള ശ്രമത്തിനിടെയാണ് സ്ഫോടനമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. സ്ഫോടനത്തെത്തുടര്‍ന്ന് ടണലിന്റെ പ്രവേശനഭാഗത്ത് വന്‍ മണ്ണിടിച്ചിലുണ്ടാവുകയും നിരവധി തൊഴിലാളികള്‍ അകപ്പെടുകയും ചെയ്തു. ചിലര്‍ക്ക് അപകടസമയത്ത് പുറത്തുകടക്കാന്‍ സാധിച്ചുവെങ്കിലും, ബാക്കിയുള്ളവര്‍ ടണലിനുള്ളില്‍ കുടുങ്ങുകയായിരുന്നു.
ഭൂഗര്‍ഭ ശിലാപാളികളിലെ മാറ്റങ്ങളെത്തുടര്ന്നാകാം വാതകം സ്വാഭാവികമായി അടിഞ്ഞുകൂടിയതെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. രക്ഷാപ്രവര്‍ത്തനത്തിന് കനത്ത വെല്ലുവിളിയാണ് ടണലിനുള്ളിലെ ഓക്സിജന്‍ ക്ഷാമവും കാഴ്ചക്കുറവും ഇടുങ്ങിയ പാതയും സൃഷ്ടിക്കുന്നത്. ആദ്യഘട്ട രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയ സേനാംഗങ്ങള്‍ക്ക് ശ്വാസതടസം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന്, പശ്ചിമ ബംഗാളില്‍ നിന്നും പ്രത്യേക ഗ്യാസ്-പ്രൊട്ടക്ഷന്‍ ഉപകരണങ്ങളുമായി വിദഗ്ധ സംഘത്തെ എത്തിച്ചിട്ടുണ്ട്. ജില്ലാ ഭരണകൂടത്തിന്റെയും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുകയും സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.