കോട്ടയം: സിക്കിമിലെ ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി നിർമിച്ചുകൊണ്ടിരുന്ന തുരങ്കം തകർന്നുണ്ടായ അപകടത്തിൽ മരണപ്പെട്ട ജിയോളജിസ്റ്റും എൻഎച്ച്പിസി സീനിയർ മാനേജരുമായ മണർകാട് ഇല്ലിവളവ് കൊച്ചുമറ്റം കൂരോത്ത്പറമ്പിൽ അനീഷ് മോഹന്റെ (43) മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. സിക്കിമിൽ നിന്ന് ഇന്നലെ ഉച്ചയോടെ പുറപ്പെട്ട മൃതദേഹം കൊൽക്കത്ത വിമാനത്താവളത്തിലെത്തിച്ചു. അവിടെ നോർക്കയുടെ നേതൃത്വത്തിൽ മൃതദേഹം എംബാം ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കിയിരുന്നു. തുടർന്ന് വിമാനമാർഗം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിക്കുന്ന മൃതദേഹം ആംബുലൻസിൽ കോട്ടയത്തെ വീട്ടിലേക്ക് കൊണ്ടുപോകും. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം നോർക്കയുടെ ഏകോപനത്തിലാണ് നടപടികൾ പൂർത്തിയാക്കിയത്. കുടുംബവീട്ടിലെ പൊതുദർശനത്തിന് ശേഷം സംസ്കാരം നടക്കും.
തിങ്കളാഴ്ച ഉച്ചയോടെയാണ് തെക്കൻ സിക്കിമിലെ നാംചി ജില്ലയിൽ നിർമാണത്തിലിരുന്ന തുരങ്കം തകർന്നത്. ബുധനാഴ്ച അർധരാത്രിയോടെയാണ് അനീഷിന്റെ മൃതദേഹം രക്ഷാപ്രവർത്തകർ കണ്ടെത്തിയത്. അപകടത്തിൽ ഇതുവരെ 20 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്. തുരങ്കത്തിനുള്ളിൽ കുടുങ്ങിയ മറ്റുള്ളവർക്കായുള്ള തിരച്ചിൽ ഇപ്പോഴും തുടരുകയാണ്. എൻഎച്ച്പിസി ഉദ്യോഗസ്ഥരും നിർമാണക്കരാർ ഏറ്റെടുത്ത കമ്പനിയിലെ ജീവനക്കാരും തൊഴിലാളികളും ഉൾപ്പെടെയുള്ളവരാണ് അപകടത്തിൽപ്പെട്ടത്. എൻഎച്ച്പിസി സിക്കിം യൂണിറ്റിൽ സീനിയർ മാനേജറായി സേവനമനുഷ്ഠിക്കുകയായിരുന്നു അനീഷ്.
കോട്ടയം ഗവൺമെന്റ് കോളേജിലെ ജിയോളജി വിഭാഗം വഴി എൻഎച്ച്പിസി അധികൃതർ ബന്ധപ്പെട്ടതോടെയാണ് അപകടവാർത്ത കുടുംബാംഗങ്ങൾ അറിയുന്നത്. 2011-ലാണ് അനീഷ് എൻഎച്ച്പിസിയിൽ ജോലിയിൽ പ്രവേശിച്ചത്. ഹരിയാനയിൽ സേവനമനുഷ്ഠിച്ചിരുന്ന അദ്ദേഹം ഏഴുമാസം മുൻപാണ് സിക്കിമിലേക്ക് സ്ഥലംമാറിയത്. ഭാര്യ സംഗീതയും മക്കളായ അർണവും കാർത്യായനിയും തൃപ്പൂണിത്തുറയിലാണ് താമസിക്കുന്നത്. മണർകാട്ടെ വീട്ടിൽ വിരമിച്ച അധ്യാപകരായ പി.കെ. മോഹനനും അമ്മിണിക്കുട്ടിയുമാണ് മാതാപിതാക്കൾ.