ഗുരുവായൂർ: സംസ്ഥാനത്ത് സ്വർണവിലയിൽ വലിയ ഇടിവ് രേഖപ്പെടുത്തി. പവന് 1520 രൂപയും ഗ്രാമിന് 190 രൂപയുമാണ് ഒറ്റയടിക്ക് കുറഞ്ഞത്. ഈ വിലക്കുറവോടെ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 1,07,000 രൂപയായും, ഗ്രാമിന് 13,375 രൂപയായും താഴ്ന്നു. കഴിഞ്ഞ ദിവസം രണ്ട് ഘട്ടങ്ങളിലായി 1400 രൂപയുടെ വർധനവ് രേഖപ്പെടുത്തിയ ശേഷമാണ് സ്വർണവിലയിൽ ഇത്തരമൊരു മാറ്റം ഉണ്ടായിരിക്കുന്നത്.
ലൈറ്റ് വെയിറ്റ് ആഭരണങ്ങൾക്കായി ഉപയോഗിക്കുന്ന 18 കാരറ്റ് സ്വർണത്തിനും ആനുപാതികമായി വില കുറഞ്ഞു. ഗ്രാമിന് 155 രൂപ കുറഞ്ഞ് 10,995 രൂപയിലാണ് ഇന്നത്തെ വ്യാപാരം നടക്കുന്നത്. അതേസമയം, വെള്ളി വിപണിയിൽ കാര്യമായ മാറ്റങ്ങളില്ല; ഗ്രാമിന് 250 രൂപ എന്ന നിലയിൽ തന്നെ വ്യാപാരം തുടരുകയാണ്.
ഇറാൻ-യുഎസ് ചർച്ചകൾ പുരോഗമിക്കുന്ന വാർത്തകൾ കഴിഞ്ഞ ദിവസങ്ങളിൽ സ്വർണവിലയിൽ കുതിച്ചുചാട്ടമുണ്ടാക്കിയിരുന്നു. എന്നാൽ, നിലവിൽ ഡോളറിന്റെ കരുത്തും ഫെഡറൽ റിസർവ് പലിശ നിരക്കുകൾ വർദ്ധിപ്പിക്കുമോ എന്ന ആശങ്കയുമാണ് വിപണിയിലെ ചാഞ്ചാട്ടത്തിന് പ്രധാന കാരണമായി സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്. പണപ്പെരുപ്പം നിയന്ത്രിക്കാൻ ഫെഡറൽ റിസർവ് പലിശ നിരക്ക് ഉയർത്തുകയാണെങ്കിൽ സ്വർണവില ഇനിയും കുറയാൻ സാധ്യതയുണ്ട്. അന്താരാഷ്ട്ര വിപണിയിൽ സ്വർണവില ഔൺസിന് 4160 ഡോളറിലേക്ക് താഴ്ന്നതും സംസ്ഥാനത്തെ വിപണിയിൽ നേരിട്ട് പ്രതിഫലിക്കുകയായിരുന്നു.