തിരുവനന്തപുരം: അയ്യപ്പന്റെ പേരില്‍ ഇനി അയ്യപ്പ സംഗമം സംഘടിപ്പിക്കില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ജയകുമാര്‍ അറിയിച്ചു. അയ്യപ്പന് പ്രത്യേക പ്രചാരണത്തിന്റെ ആവശ്യമില്ലാത്തതിനാലാണ് ഇത്തരം പരിപാടികള്‍ ഒഴിവാക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. സംഗമം നടത്തിയ വകയിലുള്ള സാമ്പത്തിക ബാധ്യതകള്‍ സ്പോണ്‍സര്‍ഷിപ്പിലൂടെ കണ്ടെത്തുമെന്നും, ഇതിനായി ദേവസ്വം ബോര്‍ഡിന്റെ ഫണ്ടില്‍ നിന്നും തുക ചെലവഴിക്കില്ലെന്നും അദ്ദേഹം ഉറപ്പുനൽകി.
ശബരിമല തീര്‍ഥാടന സീസണിനായുള്ള ഒരുക്കങ്ങള്‍ തികഞ്ഞ സുതാര്യതയോടെയാണ് പുരോഗമിക്കുന്നത്. മുന്‍കാലങ്ങളിലുണ്ടായ വിവാദങ്ങളും ക്രമക്കേടുകളും ഒഴിവാക്കാന്‍ പ്രത്യേക ശ്രദ്ധ ചെലുത്തുന്നുണ്ട്. തീര്‍ഥാടകരുടെ തിരക്ക് കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിനായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനം നടപ്പാക്കാനും, നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ മൂന്നംഗ വിദഗ്ധ സമിതിയെ നിയോഗിക്കാനും ബോര്‍ഡ് തീരുമാനിച്ചു. കൂടാതെ, വാസ്തുവിദ്യാ ഗുരുകുലത്തിന്റെ മേല്‍നോട്ടത്തില്‍ സന്നിധാനത്ത് ശബരീതീര്ഥ കുളം നിര്‍മിക്കുന്ന പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്.
പടിപൂജ ബുക്കിങ്ങുമായി ബന്ധപ്പെട്ട നിലവിലെ പ്രതിസന്ധി പരിഹരിക്കാന്‍ പുതിയ പരിഷ്കാരം കൊണ്ടുവരും. നിലവില്‍ 2048 വരെ ബുക്കിങ് പൂര്‍ത്തിയായ സാഹചര്യത്തില്‍, ഭക്തരുടെ ബുദ്ധിമുട്ട് കുറയ്ക്കുന്നതിനായി ഒരു ദിവസം പരമാവധി അഞ്ചു പേര്‍ക്ക് പടിപൂജ അനുവദിക്കും. സന്നിധാനത്തെ 690 മുറികളില്‍ 550 എണ്ണം ഓണ്‍ലൈന്‍ വഴി മാത്രമായിരിക്കും അനുവദിക്കുക. മുറി ബുക്കിങ്ങിനുള്ള ഡെപ്പോസിറ്റ് തുക ഒഴിവാക്കുന്നതിലൂടെയും ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിലൂടെയും സാമ്പത്തിക ക്രമക്കേടുകള്‍ക്ക് തടയിടാനാണ് ദേവസ്വം ബോര്‍ഡിന്റെ തീരുമാനം. കഴിഞ്ഞ തീര്‍ഥാടന കാലയളവില്‍ മരണപ്പെട്ട 51 അയ്യപ്പഭക്തരുടെ കുടുംബങ്ങള്‍ക്ക് തീര്‍ഥാടകരില്‍ നിന്ന് സമാഹരിച്ച ഫണ്ടില്‍ നിന്ന് ഒരു ലക്ഷം രൂപ വീതം ധനസഹായം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.