തിരുവനന്തപുരം: വർക്കല റാത്തിക്കലിൽ പത്തൊൻപത് വയസ്സുകാരിയായ നവവധു മരിച്ചു. റാത്തിക്കൽ നാസിയ മൻസിലിൽ നൗഷാദിന്റെയും സഹീറയുടെയും മകൾ നാസിയയാണ് (വാവ) അന്തരിച്ചത്. ബുധനാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം നടന്നത്. വീട്ടിലെ കിടപ്പുമുറിയിൽ ഗുരുതരാവസ്ഥയിൽ കണ്ടെത്തിയ നാസിയയെ ആദ്യം വർക്കലയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ഇന്ന് പുലർച്ചെയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.
രണ്ടു മാസം മുൻപായിരുന്നു നാസിയയുടെ വിവാഹം നടന്നത്. പരവൂർ തെക്കുംഭാഗം സ്വദേശി അൻസറാണ് ഭർത്താവ്. വിവാഹം കഴിഞ്ഞ് പതിമൂന്ന് ദിവസങ്ങൾക്ക് ശേഷം ജോലി സംബന്ധമായ ആവശ്യങ്ങൾക്കായി അൻസർ കുവൈത്തിലേക്ക് മടങ്ങിയിരുന്നു. ഭർത്താവുമായി അകന്നു കഴിയേണ്ടി വന്നതിലെ മാനസിക വിഷമം നാസിയയെ അലട്ടിയിരുന്നുവെന്ന് കുടുംബാംഗങ്ങൾ അറിയിച്ചതായി വർക്കല പൊലീസ് വ്യക്തമാക്കി.
സംഭവത്തിൽ വർക്കല പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിവാഹം കഴിഞ്ഞ് രണ്ട് മാസം മാത്രമേ ആയിട്ടുള്ളൂ എന്ന സാഹചര്യത്തിൽ, നിയമനടപടികളുടെ ഭാഗമായി ആർഡിഒയുടെ സാന്നിധ്യത്തിലാകും ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കുക. തുടർന്ന് പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും.