വർക്കല: വർക്കലയിൽ കടയിൽ നിന്ന് വാങ്ങിയ താറാവ് മുട്ട പുഴുങ്ങി പൊട്ടിച്ചപ്പോൾ ഉള്ളിൽ താറാവിൻ കുഞ്ഞിനെ കണ്ടെത്തിയ സംഭവം പ്രദേശവാസികളിൽ കൗതുകത്തിനും ആശങ്കയ്ക്കും ഇടയാക്കി. കവലയൂർ സ്വദേശി ലാൽ കുമാറാണ് താൻ വാങ്ങിയ മുട്ടകളിൽ നിന്ന് അപ്രതീക്ഷിതമായ ഈ കാഴ്ച കണ്ടത്.
വർക്കല പുത്തൻചന്ത ജംഗ്ഷന് സമീപത്തെ പച്ചക്കറിക്കടയിൽ നിന്ന് ഇന്ന് രാവിലെ 11.30-ഓടെയാണ് ആറ് താറാവ് മുട്ടകൾ ലാൽ കുമാർ വാങ്ങിയത്. വീട്ടിലെത്തിച്ച് പുഴുങ്ങിയ ശേഷം മുട്ടകൾ പൊട്ടിച്ചുനോക്കിയപ്പോൾ ഒന്നിൽ താറാവിൻ കുഞ്ഞിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തുകയായിരുന്നു. ബാക്കിയുള്ള മുട്ടകൾക്കും അസാധാരണമായ രൂപവും രൂക്ഷമായ ദുർഗന്ധവും ഉണ്ടെന്ന് ശ്രദ്ധയിൽപ്പെട്ടതായും വാങ്ങിയ മുഴുവൻ മുട്ടകളും കേടായ അവസ്ഥയിലാണെന്നും ലാൽ കുമാർ ആരോപിച്ചു.
സംഭവത്തെ തുടർന്ന് ലാൽ കുമാർ വർക്കല നഗരസഭ ആരോഗ്യവിഭാഗത്തെയും ഭക്ഷ്യസുരക്ഷാ വകുപ്പിനെയും വിവരം അറിയിച്ചു. പരാതിയെ തുടർന്ന് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ കടയിലെത്തി പരിശോധന നടത്തി. വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന താറാവ് മുട്ടകളുടെ സാമ്പിളുകൾ ഉദ്യോഗസ്ഥർ ശേഖരിക്കുകയും പരിശോധനയ്ക്കായി ലാബിലേക്ക് അയക്കുകയും ചെയ്തു. സാമ്പിളുകളുടെ പരിശോധനാഫലം ലഭിച്ചതിന് ശേഷം മാത്രമേ തുടർനടപടികൾ സ്വീകരിക്കുകയുള്ളൂവെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതർ അറിയിച്ചു.