വെള്ളറട: രാമായണമാസാചരണത്തിന്റെയും രക്ഷാബന്ധൻ ആഘോഷത്തിന്റെയും ഭാഗമായി സാമാജിക സമരസതാ സമിതിയുടെ ആഭിമുഖ്യത്തിൽ സമാജോത്സവം സംഘടിപ്പിച്ചു. രാമായണമാസത്തിന്റെ സമാപന ദിവസമായ ഓഗസ്റ്റ് 16-ന് വൈകിട്ട് മൂന്ന് മണിയോടെയാണ് പരിപാടി നടന്നത്. സമൂഹത്തിലെ വിവിധ വിഭാഗങ്ങളെ ഒരുമിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ സമാജോത്സവം സംഘടിപ്പിച്ചത്.
വെള്ളറട മേഖലയിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള കുടുംബങ്ങളും സാമൂഹിക പ്രവർത്തകരും പരിപാടിയിൽ പങ്കെടുത്തു. ചാക്കപ്പാറ, അയ്യാവിളാകം, കൈപ്പൻ പ്ലാവിള എന്നീ മൂന്ന് വനവാസി സെറ്റിൽമെന്റുകളിൽ നിന്നുള്ള 160 കുടുംബങ്ങൾ ചടങ്ങിൽ പങ്കെടുത്തു. ഇതിന്റെ ഭാഗമായി ഗ്രാമോത്സവവും നടന്നു. സാമൂഹിക സമരസതയുടെ സന്ദേശം ശക്തിപ്പെടുത്താനും പരസ്പര സഹകരണം ഉറപ്പാക്കാനും പരിപാടി സഹായിച്ചു.
ആർഎസ്എസ് മുതിർന്ന പ്രചാരകനും സാമാജിക സമരസത ദക്ഷിണ കേരള സംയോജകനുമായ വി കെ വിശ്വനാഥൻ (വിശ്വൻ പാപ്പ) മുഖ്യാതിഥിയായിരുന്നു. പെൺകുട്ടികൾക്കായുള്ള ബോധവൽക്കരണ ക്ലാസിന് സമരസതാ ജില്ലാ സമിതി അംഗം കല ടീച്ചർ നേതൃത്വം നൽകി. സംഗീത സംവിധായകനും സമരസതാ ജില്ലാ സമിതി അംഗവും തപസ്യ ജില്ലാ ജോയിന്റ് സെക്രട്ടറിയുമായ നെയ്യാറ്റിൻകര അരുൺ, ജില്ലാ സമിതി അംഗം പള്ളിമംഗലം ജയകൃഷ്ണൻ എന്നിവർ രാമകഥാസാരം അവതരിപ്പിച്ചു. ജില്ലാ സംയോജക് എം. എൽ. മനോജ്, വിഭാഗ് സംയോജക് കെ. രാജശേഖരൻ, ജില്ലാ സമിതി അംഗം ആഷാരൂർ എൻ. എസ്. മോഹൻ കുമാർ തുടങ്ങിയവരും പരിപാടിയിൽ പങ്കെടുത്തു.