തിരുവനന്തപുരം: വെമ്പായം ജംഗ്ഷനിലെ ബാറിൽ പെട്രോളൊഴിച്ച് തീകൊളുത്തിയ സംഭവത്തിൽ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന അനീഷും മരണപ്പെട്ടു. ഇതോടെ സംഭവത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി. നേരത്തെ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന നവാസ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് നേരത്തെ മരണത്തിന് കീഴടങ്ങിയിരുന്നു.
കഴിഞ്ഞ ഞായറാഴ്ച രാത്രി 9.30ഓടെയായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്. വെമ്പായത്തെ ഹോട്ടൽ ആൻഡ് റസിഡൻസിയിലെ ബാറിൽ മദ്യപിക്കുന്നതിനിടെ അനീഷും മറ്റൊരു സംഘവും തമ്മിൽ വാക്കുതർക്കം ഉണ്ടാവുകയായിരുന്നു. തർക്കത്തിനിടെ നവാസ് അനീഷിനെ മുഖത്തടിച്ചതാണ് സംഭവങ്ങളുടെ തുടക്കം. പ്രകോപിതനായ അനീഷ് ബാറിൽ നിന്ന് പുറത്തുപോയി പെട്രോൾ വാങ്ങി തിരികെയെത്തി സംഘത്തിന് നേരെ ഒഴിക്കുകയും ലൈറ്റർ ഉപയോഗിച്ച് തീകൊളുത്തുകയുമായിരുന്നു. ബാറിനുള്ളിൽ തീ ആളിപ്പടർന്നതോടെ അനീഷിന്റെ ശരീരത്തിലും തീ പടർന്നു.
സംഭവത്തിൽ നവാസ്, അനീഷ് എന്നിവർക്ക് പുറമെ നൗഫൽ, റിയാസ്, അരുൺ, ശ്യാം എന്നിവർക്കും പൊള്ളലേറ്റിരുന്നു. ഇവർ എല്ലാവരെയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 80 ശതമാനത്തിലേറെ പൊള്ളലേറ്റ് അതീവ ഗുരുതരാവസ്ഥയിലായിരുന്നു അനീഷ്. സംഭവത്തിൽ വെഞ്ഞാറമൂട് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. ബാറിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചും ദൃക്സാക്ഷികളിൽ നിന്ന് മൊഴികൾ ശേഖരിച്ചുമാണ് പൊലീസ് കേസിൽ അന്വേഷണം പുരോഗമിക്കുന്നത്.