തിരുവനന്തപുരം: വെമ്പായത്തെ ശ്രീവത്സം ബാറിലുണ്ടായ സംഘർഷത്തിൽ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന നവാസ് മരണപ്പെട്ടു. സംഭവത്തിന് പിന്നാലെ പ്രതി അനീഷ് കുറ്റം സമ്മതിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ബാർ ജീവനക്കാരോട് അനീഷ് സംസാരിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ പ്രചരിക്കുന്നത്.
സംഭവത്തിൽ പ്രതിയുടെ മൊഴി പ്രകാരം, മദ്യപിക്കാനായി ബാറിലെത്തിയ തന്നെ നവാസ് അസഭ്യം പറയുകയും മുഖത്തടിക്കുകയും ചെയ്തതാണ് പ്രകോപനത്തിന് കാരണമായത്. തുടർന്ന് സമീപത്തെ പെട്രോൾ പമ്പിൽ നിന്ന് ഇന്ധനം വാങ്ങി തിരികെയെത്തി നവാസിനെ തീകൊളുത്തുകയായിരുന്നുവെന്ന് വീഡിയോയിൽ അനീഷ് വ്യക്തമാക്കുന്നു. താൻ പെട്രോൾ ഒഴിച്ച് തീകൊളുത്തിയ ശേഷം നവാസ് ഓടി രക്ഷപ്പെട്ടുവെന്നും, അതിനുമുമ്പേ താൻ വീണുപോയെന്നും ഇയാൾ വീഡിയോയിൽ പറയുന്നുണ്ട്. ഒരു പ്രാദേശിക ഓൺലൈൻ മാധ്യമമാണ് ഈ ദൃശ്യങ്ങൾ പുറത്തുവിട്ടത്.
ഇന്നലെ രാത്രി 9.30ഓടെയായിരുന്നു വെമ്പായത്തെ ശ്രീവത്സം ബാറിൽ ദാരുണമായ സംഭവം അരങ്ങേറിയത്. മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കം കൈയാങ്കളിയിൽ കലാശിക്കുകയും ഇതിൽ പ്രകോപിതനായ അനീഷ് പെട്രോളുമായി എത്തി തീകൊളുത്തുകയുമായിരുന്നു. തീപിടുത്തത്തിൽ പ്രതിയായ അനീഷിന് 80 ശതമാനത്തിലേറെ പൊള്ളലേറ്റിട്ടുണ്ട്. ഇയാൾ ഉൾപ്പെടെ അഞ്ചുപേർ നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. പരിക്കേറ്റവരുടെ മൊഴി മജിസ്ട്രേറ്റ് നേരിട്ടെത്തി രേഖപ്പെടുത്തിയിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ ശേഖരിച്ച വെഞ്ഞാറമൂട് പോലീസ്, അനീഷിനെതിരെ വധശ്രമത്തിന് കേസെടുത്ത് അന്വേഷണം ഊർജിതമാക്കി.