വിശാഖപട്ടണം: ബംഗാൾ ഉൾക്കടലിൽ മത്സ്യബന്ധനത്തിനിടെ ബോട്ടിന്റെ യന്ത്രത്തകരാറിനെ തുടർന്ന് ഏഴ് മത്സ്യത്തൊഴിലാളികളെ കാണാതായി. വിശാഖപട്ടണം തീരത്ത് നിന്ന് ജൂലൈ ഒന്നിന് മീൻപിടുത്തത്തിനായി പുറപ്പെട്ട ബോട്ടാണ് അപകടത്തിൽപ്പെട്ടത്. ജൂലൈ നാലിന് തിരികെ എത്തേണ്ടിയിരുന്ന ബോട്ടുമായുള്ള ബന്ധം നഷ്ടപ്പെട്ടതോടെയാണ് കുടുംബാംഗങ്ങളും അധികൃതരും ആശങ്കയിലായത്.
കാണാതായവരിൽ അപ്പലരാജു, ബന്ദിയ്യ, ഗരഗയ്യ, സീതുടു, ചിന്ന അമ്മോരു, കാരി ചിന്ന, ചിന്നയ്യ എന്നിവർ ഉൾപ്പെടുന്നു. ഇവർ വിജയനഗരം ജില്ലയിലെ ഭോഗാപുരം മേഖലയിലെ മുക്കം ഗ്രാമത്തിൽ നിന്നും വിശാഖപട്ടണം ജില്ലയിലെ ഭീമിലിയിൽ നിന്നുമായി ഉള്ളവരാണ്. ജൂലൈ മൂന്നിന് ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതിനെ തുടർന്ന് ഫിഷറീസ് വകുപ്പും മറൈൻ പൊലീസും മത്സ്യത്തൊഴിലാളികൾക്ക് അടിയന്തര മുന്നറിയിപ്പ് നൽകുകയും തിരിച്ചെത്താൻ നിർദേശിക്കുകയും ചെയ്തിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് ബോട്ടിലെ ആശയവിനിമയ സംവിധാനം പൂർണ്ണമായും തകരാറിലായത്.
സംഭവത്തെ തുടർന്ന് ഇന്ത്യൻ കോസ്റ്റ് ഗാർഡ്, ഇന്ത്യൻ നാവികസേന, മറൈൻ പൊലീസ് എന്നിവരുടെ നേതൃത്വത്തിൽ കടലിൽ വ്യാപകമായ തിരച്ചിൽ ആരംഭിച്ചു. നാവികസേനയുടെ ഹെലികോപ്റ്ററുകളും തിരച്ചിൽ കപ്പലുകളും ഇതിനായി വിന്യസിച്ചിട്ടുണ്ട്. വിഷയത്തിൽ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഉന്നത ഉദ്യോഗസ്ഥരുമായി അടിയന്തര അവലോകന യോഗം ചേർന്നു. രക്ഷാപ്രവർത്തനം കൂടുതൽ ശക്തമാക്കാൻ മുഖ്യമന്ത്രി നിർദേശം നൽകിയതിനൊപ്പം, മറൈൻ ഐജി, വിശാഖപട്ടണം പൊലീസ് കമ്മിഷണർ എന്നിവരെ രക്ഷാപ്രവർത്തനങ്ങളുടെ ഏകോപനച്ചുമതല ഏൽപ്പിക്കുകയും ചെയ്തു. മോശം കാലാവസ്ഥയും കടൽക്ഷോഭവും രക്ഷാപ്രവർത്തനങ്ങൾക്ക് വെല്ലുവിളിയാകുന്നുണ്ടെങ്കിലും മത്സ്യത്തൊഴിലാളികളെ സുരക്ഷിതമായി കണ്ടെത്താനുള്ള ശ്രമങ്ങൾ ഊർജിതമായി തുടരുകയാണ്.