മൈസുരു: കർണാടകയിലെ ടി. നരസിപുര താലൂക്കിൽ വിവാഹച്ചടങ്ങുകൾക്ക് തൊട്ടുമുമ്പ് യുവതിയെയും മാതാപിതാക്കളെയും വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ശിവണ്ണ (50), ഭാര്യ നാഗരത്ന (45), മകൾ രക്ഷിത (21) എന്നിവരാണ് മരിച്ചത്. പ്രാഥമിക അന്വേഷണത്തിൽ മൂന്നുപേരും വിഷം കഴിച്ചാണ് മരിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. രക്ഷിതയുടെ വിവാഹത്തിനായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായിരുന്ന സാഹചര്യത്തിലാണ് കുടുംബത്തെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
സംഭവത്തിന് പിന്നിൽ ദീർഘകാലമായി തുടരുന്ന ഭീഷണികളും കടുത്ത മാനസിക സമ്മർദവുമുണ്ടായിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക വിലയിരുത്തൽ. കുടുംബവുമായി അടുപ്പമുള്ള ഉല്ലാസ് ഗൗഡ എന്ന യുവാവിന്റെ നിരന്തര ഇടപെടലുകളാണ് കേസിൽ നിർണായകമായി പരിശോധിക്കുന്നത്. രക്ഷിതയെ വിവാഹം കഴിക്കണമെന്ന ഉല്ലാസിന്റെ ആവശ്യം കുടുംബം നിരസിച്ചിരുന്നു. തുടർന്ന് മറ്റൊരാളുമായി വിവാഹം നിശ്ചയിച്ചതോടെ, ചടങ്ങുകൾ തടസ്സപ്പെടുത്താൻ ഇയാൾ ബോധപൂർവം ശ്രമിച്ചതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
രക്ഷിതയെക്കുറിച്ച് തെറ്റായ പ്രചാരണങ്ങൾ നടത്തുകയും, പ്രതിശ്രുത വരന് സന്ദേശങ്ങളും ചിത്രങ്ങളും അയച്ച് സംശയങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുകയും ചെയ്തത് കുടുംബത്തെ വലിയ മാനസിക സമ്മർദത്തിലാക്കിയിരുന്നു. വിവാഹം മുടക്കാനുള്ള ഈ നിരന്തര ഇടപെടലുകൾ കുടുംബത്തിന്റെ ദുരന്തത്തിൽ കലാശിച്ചതാകാമെന്നാണ് സംശയിക്കുന്നത്. ടി. നരസിപുര പൊലീസ് കേസെടുത്ത് അന്വേഷണം ഊർജിതമാക്കി. വീട്ടിൽ നിന്ന് കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പ്, ഡിജിറ്റൽ തെളിവുകൾ, ശാസ്ത്രീയ പരിശോധനാഫലങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിൽ കുറ്റക്കാർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.