തിരുവനന്തപുരം: വിനോദയാത്രയ്ക്കിടെയുണ്ടായ ദാരുണമായ അപകടത്തിൽ മൂന്ന് വയസുകാരി മരിച്ചു. കാട്ടാക്കട കൊറ്റമ്പള്ളി സ്വദേശികളായ അനു പ്രസാദ് – നിസ ദമ്പതികളുടെ മകൾ ഋഗ്വേദയാണ് മരണപ്പെട്ടത്. അമ്പൂരി കുറിച്ചിക്കാട് പാലത്തിന് സമീപം നിർത്തിയിട്ടിരുന്ന ടെമ്പോ ട്രാവലർ അപ്രതീക്ഷിതമായി മുന്നോട്ട് ഉരുണ്ടുണ്ടായ അപകടത്തിലാണ് കുട്ടിക്ക് ജീവൻ നഷ്ടമായത്. മൂന്ന് കുടുംബങ്ങൾ ചേർന്നാണ് വിനോദയാത്രയ്ക്കായി അമ്പൂരിയിൽ എത്തിയത്.
പാലത്തിന് സമീപം വാഹനം നിർത്തിയ ശേഷം യാത്രക്കാരെല്ലാം പുറത്തിറങ്ങിയ സമയത്താണ് അപകടം സംഭവിച്ചത്. വാഹനത്തിന്റെ ഹാൻഡ് ബ്രേക്ക് അബദ്ധത്തിൽ റിലീസായതിനെത്തുടർന്ന് ടെമ്പോ ട്രാവലർ മുന്നോട്ട് നീങ്ങുകയായിരുന്നു. ഈ സമയം വാഹനത്തിന് സമീപം നിന്നിരുന്ന ഋഗ്വേദയുടെ ദേഹത്തുകൂടി വാഹനം കയറിയിറങ്ങുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അപകടം നടന്ന സാഹചര്യവും വാഹനത്തിന് സാങ്കേതിക തകരാറുകൾ ഉണ്ടായിരുന്നോ എന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ പൊലീസ് വിശദമായി പരിശോധിച്ചുവരികയാണ്.