തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാർത്ഥികൾക്ക് ആശ്വാസമായി ബസ് കൺസെഷൻ ചട്ടങ്ങളിൽ നിർണായക ഭേദഗതി വരുത്തി മോട്ടോർ വാഹന വകുപ്പ്. വിദ്യാർത്ഥികളുടെ കൺസെഷൻ പ്രായപരിധി 24 വയസ്സിൽ നിന്ന് 27 വയസ്സായി ഉയർത്താനും, കൺസെഷൻ ലഭിക്കുന്ന യാത്രാ പരിധി 40 കിലോമീറ്ററാക്കി വർധിപ്പിക്കാനും തീരുമാനിച്ചു. വിദ്യാർത്ഥികളും ബസ് ജീവനക്കാരും തമ്മിൽ കൺസെഷനെ ചൊല്ലി പതിവായി ഉണ്ടാകുന്ന തർക്കങ്ങൾ പരിഗണിച്ചാണ് ഈ പുതിയ മാറ്റങ്ങൾ. രാവിലെ 6 മുതൽ വൈകിട്ട് 7 വരെ വിദ്യാർത്ഥികൾക്ക് കൺസെഷൻ നിരക്കിൽ യാത്ര ചെയ്യാൻ പുതിയ ഉത്തരവിലൂടെ സാധിക്കും.
സർക്കാർ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മുഴുവൻ സമയ (Full-time) വിദ്യാർത്ഥികൾക്ക് മാത്രമേ ഈ ആനുകൂല്യം ലഭിക്കുകയുള്ളൂ. ക്രാഷ് കോഴ്സുകൾക്കും പാർട്ട് ടൈം കോഴ്സുകൾക്കും ഈ ആനുകൂല്യം ബാധകമല്ല. കൺസെഷൻ കാർഡ് വിതരണത്തിൽ കൂടുതൽ സുതാര്യതയും കൃത്യതയും ഉറപ്പാക്കുന്നതിനായി അപേക്ഷാ നടപടികൾ പൂർണമായും ഓൺലൈൻ സംവിധാനത്തിലേക്ക് മാറ്റുകയാണ്. ഇതിനായി മോട്ടോർ വാഹന വകുപ്പിന്റെ “MVD LEADS” മൊബൈൽ ആപ്പ് ഉപയോഗിക്കണം.
ആപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾക്ക് മാത്രമേ കൺസെഷന് അർഹതയുണ്ടാകൂ. വിദ്യാർത്ഥി സമർപ്പിക്കുന്ന അപേക്ഷ വിദ്യാഭ്യാസ സ്ഥാപനം സ്ഥിരീകരിച്ച ശേഷം മോട്ടോർ വാഹന വകുപ്പ് അന്തിമ അംഗീകാരം നൽകും. പുതിയ ഡിജിറ്റൽ സംവിധാനം വഴി കൺസെഷൻ കാർഡ് വിതരണത്തിലെ ക്രമക്കേടുകൾ പൂർണ്ണമായും ഒഴിവാക്കാനും, അർഹരായ വിദ്യാർത്ഥികൾക്ക് വേഗത്തിൽ സേവനം ലഭ്യമാക്കാനും സാധിക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.