കൂത്താട്ടുകുളം: കെഎസ്ആർടിസി ബസിൽ യാത്രക്കാരൻ വായിൽ കടിച്ചുപിടിച്ച ശേഷം നൽകിയ നോട്ട് സ്വീകരിക്കാൻ വനിതാ കണ്ടക്ടർ വിസമ്മതിച്ചതിനെ തുടർന്നുണ്ടായ തർക്കം ബസ് സർവീസ് മുടങ്ങുന്നതിൽ കലാശിച്ചു. മൂവാറ്റുപുഴ ഡിപ്പോയിൽ നിന്ന് സർവീസ് നടത്തുന്ന പ്രിയദർശിനി ബസിലാണ് വ്യാഴാഴ്ച ഉച്ചയോടെ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
മൂവാറ്റുപുഴയിൽ നിന്ന് കൂത്താട്ടുകുളം സ്റ്റാൻഡിലെത്തിയ ബസിലാണ് യാത്രക്കാരനും കണ്ടക്ടറും തമ്മിൽ വാക്കുതർക്കം ഉണ്ടായത്. വായിൽ കടിച്ചുപിടിച്ച് നൽകിയ കറൻസി നോട്ട് വാങ്ങാൻ കണ്ടക്ടർ വിസമ്മതിച്ചതാണ് തർക്കത്തിന് തുടക്കമിട്ടത്. തർക്കം രൂക്ഷമായതോടെ വനിതാ കണ്ടക്ടർ ബസിൽ നിന്ന് ഇറങ്ങിപ്പോവുകയും യൂണിറ്റ് ഇൻസ്പെക്ടറുടെ അടുത്തെത്തി സംഭവങ്ങൾ വിശദീകരിക്കുകയും ചെയ്തു. തുടർന്ന് കൂത്താട്ടുകുളം പോലീസിൽ വിവരമറിയിക്കുകയും പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം നടത്തുകയും ചെയ്തു.
സംഭവത്തെ തുടർന്നുണ്ടായ മാനസിക സമ്മർദം മൂലം ജോലി തുടരാൻ കഴിയില്ലെന്ന് കണ്ടക്ടർ അറിയിച്ചു. ഇതിനായി കൂത്താട്ടുകുളം സർക്കാർ ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം, ഒപി ടിക്കറ്റും അപേക്ഷയും യൂണിറ്റ് ഇൻസ്പെക്ടർ രോഹിണിക്ക് കൈമാറി. സംഭവത്തിൽ പകരം കണ്ടക്ടറെ ലഭ്യമാക്കാൻ കഴിയാതെ വന്നതോടെ കെഎസ്ആർടിസി ബസിന്റെ തുടർ സർവീസ് പൂർണ്ണമായും മുടങ്ങുകയായിരുന്നു.